തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് മറ്റ് പദവികൾ നൽകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം പാർട്ടിയുടെ ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. അർഹതയുണ്ടായിട്ടും സ്ഥാനാർത്ഥിത്വം ലഭിക്കാത്തവരെയാകും ബോർഡ്, കോർപ്പറേഷൻ പദവികളിലേക്ക് പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Those who fail will not get other positions, KC Venugopal on candidate selection)
വിജയസാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഏക മാനദണ്ഡം. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും പാർട്ടി കർശന നിർദ്ദേശം നൽകി. സ്ഥാനാർത്ഥിത്വം ലഭിക്കാത്ത അർഹരായ പ്രവർത്തകരെ സർക്കാർ അധികാരത്തിൽ വന്നാൽ ഭരണപരമായ മറ്റു ചുമതലകളിൽ ഉൾപ്പെടുത്തും.
തെരഞ്ഞെടുപ്പ് പ്രചാരണം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനായി ‘ഭവനസന്ദർശന’ പരിപാടിക്ക് കോൺഗ്രസ് രൂപം നൽകി. ഈ മാസം 20 മുതൽ 28 വരെ സംസ്ഥാന വ്യാപകമായി നേതാക്കളും പ്രവർത്തകരും വീടുകൾ സന്ദർശിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന ലഘുലേഖകൾ ഓരോ വീട്ടിലും എത്തിക്കും.
അന്തിമ വോട്ടർ പട്ടിക സസൂക്ഷ്മം നിരീക്ഷിക്കാൻ ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ തിരികെ ഉൾപ്പെടുത്താൻ പ്രത്യേക ജാഗ്രത കാട്ടണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് വോട്ടർ പട്ടിക പുതുക്കുന്നതിൽ കാണിച്ച ജാഗ്രത വലിയ പങ്കുവഹിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.



