പത്തനംതിട്ട: ശബരിമലയിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകളിൽ തിരുത്തുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. ദേവസ്വം പ്രസിഡൻ്റായ ശേഷം ആദ്യമായി ശബരിമല ദർശനത്തിനായി ആറന്മുളയിലെത്തിയപ്പോഴാണ് അദ്ദേഹം ശക്തമായ നിലപാട് വ്യക്തമാക്കിയത്.(There will be no more leniency, there will be correction, Devaswom Board President K Jayakumar)
"ഇന്നലെവരെ ഞാൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ ഇനി ആ സൗമ്യതയുണ്ടാകില്ല. ഭക്തർക്ക് സൗകര്യങ്ങൾ ചെയ്യുകയാണ് എൻ്റെ പ്രഥമ പരിഗണന," അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അദ്ദേഹം കർശന നിലപാട് പ്രഖ്യാപിച്ചു. "സ്പോൺസറെന്ന മേലങ്കി അണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല. അവരുടെ പശ്ചാത്തലങ്ങൾ പരിശോധിച്ച ശേഷം മാത്രമേ നടപടികളിലേക്ക് കടക്കൂ," അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന അന്വേഷണത്തിന് എല്ലാ സൗകര്യവും ദേവസ്വം ബോർഡ് ഒരുക്കുമെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു. ശബരിമലയിൽ തനിക്ക് ഒരു മിഷൻ ഉണ്ടെന്നും, അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം പ്രതികരിച്ചു.