പത്തനംതിട്ട: പീഡനക്കേസിൽ കസ്റ്റഡിയിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പരാതിയിൽ നിയമപരമായ പിഴവുകളുണ്ടെന്ന രാഹുലിന്റെ വാദം തള്ളിയ പോലീസ്, ഇ-മെയിൽ വഴി ലഭിച്ച പരാതിയിൽ ഇ-സിഗ്നേച്ചർ ഉള്ളതിനാൽ നിയമപ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി.(There is no legal issue in the e-mail complaint, SIT rejects Rahul Mamkootathil's argument)
ഇന്ന് പുലർച്ചെ കനത്ത സുരക്ഷയിൽ തിരുവല്ലയിലെ ഹോട്ടലിലെ 408-ാം നമ്പർ മുറിയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഈ മുറി രാഹുൽ തിരിച്ചറിഞ്ഞതായും അവിടെ എത്തിയ കാര്യം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ഹോട്ടലിലെ റൂം ബുക്കിംഗ് രജിസ്റ്റർ പരിശോധിച്ച സംഘം വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
രാഹുലിനെ പാലക്കാട്ടെ ഹോട്ടലിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകില്ലെന്ന് എസ്.ഐ.ടി അറിയിച്ചു. നിലവിൽ അതിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. തെളിവെടുപ്പിന് എത്തിച്ചപ്പോഴും മടങ്ങിയപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചില്ല. ചിരിച്ചുകൊണ്ട് മുറിയിലേക്ക് പോയ അദ്ദേഹം മടക്കയാത്രയിൽ മൗനം പാലിച്ചു.
ഇന്ന് കൂടുതൽ തെളിവെടുപ്പുകൾ ഉണ്ടാകില്ല. പത്തനംതിട്ട എ.ആർ ക്യാമ്പിൽ വെച്ച് രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരും. ജനുവരി 15-ന് വൈകിട്ട് കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും.