റിപ്പോർട്ട് : അൻവർ ഷരീഫ്
എടവണ്ണപ്പാറ : എരട്ടമുഴി - എളമരം റോഡിലെ ഏറ്റവും പ്രധാന ഭാഗമായ ചാലിയാറിൻ്റെ തീരത്തെ എരട്ടമുഴി ഭാഗം ഒരു മീറ്റർ 30 സെൻ്റിമീറ്റർ ഉയർത്തൽ എസ്റ്റിമേറ്റിലുള്ളതാണ്. എന്നാൽ ഈ റോഡിലൂടെ പോവുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ ഉയർത്തിയാലേ പ്രവർത്തി നടത്താൻ പറ്റുകയുള്ളു എന്ന വാദം ഉയർത്തി പണി നിർത്താനുള്ള ബന്ധപ്പെട്ടവരുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് വെട്ടത്തൂരിലെ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
പൈപ്പ്ലൈൻ ഇവിടെ നിന്നും മെയിൽ റോഡിലേക്ക് കയറിയാൽ റോഡിൻ്റെ മദ്ധ്യത്തിലൂടെയാണ് പോവുന്നത്. ഇവിടെയൊന്നും ബാധകമല്ലാത്ത നിയമം എരട്ടമുഴിയിൽ മാത്രം നടപ്പാക്കണമെന്ന വാദം ശരിയല്ല. അരീക്കോട്, കിഴിശ്ശേരി, പറപ്പൂര് ചീക്കോട് ഭാഗങ്ങളിൽ നിന്നും എളമരം, കൂളിമാട് പാലത്തിലൂടെ കടന്ന് പോവേണ്ട മുഴുവൻവാഹനങ്ങളും എരട്ടമുഴി ഭാഗത്ത് കൂടെ വെട്ടത്തൂർ, മപ്രം വഴിയാണ് പോവുക. എടവണ്ണപ്പാറയിലെ തിരക്കൊഴിവാക്കാൻ ഈ റോഡ് അനിവാര്യമാണ്. വെള്ളം കയറിയാൽ ഈ ഭാഗത്ത് കൂടെ വാഹനങ്ങൾക്ക് കടന്ന് പോവാൻ കഴിയില്ല. വെള്ളപ്പോക്കത്തിൽ ഈ പ്രദേശത്തേക്ക് ഭക്ഷ്യവസ്തുക്കൾപോലും എത്തിക്കാൻ കഴിയാത്ത അവസ്ഥയെ കുറിച്ച് ബന്ധപ്പെട്ട വർമനസ്സിലാക്കണമെന്നും എരട്ട മുഴിഭാഗം ഉയർത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
എരട്ടമുഴി - ചെറുവാടിക്കടവ് പമ്പ് ഹൗസ് വരെയുള്ള ഭാഗങ്ങളിൽ ആവശ്യമുള്ള സ്ഥലത്ത് ഡ്രൈനേജ്, കൺവെർട്ട് എന്നിവ സ്ഥാപിക്കുക, ചെറുവാടിക്കടവിൽ ഉള്ള അപകടകരമായ ട്രാൻസ്ഫോമർ എതിർ ഭാഗത്തേക്ക് പുനസ്ഥാപിക്കുക എന്ന ആവശ്യം കൂടി ആക്ഷൻ കമ്മറ്റി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു
ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. ഒ. അലി ഹാജി, കൺവീനർ പി കെ മുരളീധരൻ, സി. മുഹമ്മദ് കുഞ്ഞി, സി. ഹക്കീം, കുന്നത്തൊടി മുഹമ്മദ്, പി. ഗംഗാധരൻ, കെ ഭാസ്കരൻ, അൻവർ കെ, ബാലസുബ്രഹ്മണ്യൻ പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.