വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി: പ്രദേശവാസികൾ ആശ്വാസത്തിൽ | Tiger

കടുവയെ വനംവകുപ്പിൻ്റെ റാന്നി ഡിവിഷനിലേക്ക് മാറ്റിയേക്കും
വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി: പ്രദേശവാസികൾ ആശ്വാസത്തിൽ | Tiger
Updated on

പത്തനംതിട്ട: വടശ്ശേരിക്കര കുമ്പളത്താമണ്ണ് മേഖലയിൽ ദിവസങ്ങളായി ഭീതി പടർത്തിയ കടുവ വനംവകുപ്പിന്റെ കെണിയിൽ വീണു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ജനവാസ മേഖലയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കടുവ പിടിയിലായതോടെ ആഴ്ചകളായി ഭയപ്പാടിൽ കഴിഞ്ഞിരുന്ന പ്രദേശവാസികൾ വലിയ ആശ്വാസത്തിലാണ്.(The tiger that terrified Vadasserikkara is finally in a cage, Locals are relieved)

കഴിഞ്ഞ ദിവസം രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ ഒരു ആടിനെ കൊന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് വനംവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തുകയും കടുവ ആടിനെ പിടികൂടിയ അതേ പറമ്പിൽ തന്നെ കൂട് സ്ഥാപിക്കുകയുമായിരുന്നു. രാത്രിയോടെ ഇര തേടി വീണ്ടും ഇതേ സ്ഥലത്തെത്തിയ കടുവ കൂട്ടിലെ കെണിയിൽ കുടുങ്ങുകയായിരുന്നു.

കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടും വനംവകുപ്പ് നടപടികൾ വൈകിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. ആടിനെ പിടികൂടിയത് കടുവയാണെന്ന് സ്ഥിരീകരിക്കാൻ വനംവകുപ്പ് ആദ്യം തയ്യാറാകാതിരുന്നതും തർക്കത്തിന് കാരണമായി. പ്രദേശത്ത് കടുവയ്ക്ക് പുറമെ ആനയുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമാണെന്നും കൃഷി നശിക്കുന്നത് പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

കൂട്ടിലായ കടുവയെ വനംവകുപ്പിന്റെ റാന്നി ഡിവിഷനിലേക്ക് മാറ്റുമെന്നാണ് വിവരം. കടുവയുടെ ആരോഗ്യനില പരിശോധിച്ച ശേഷം ഉൾവനത്തിലേക്ക് തുറന്നുവിടണോ അതോ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ അധികൃതർ തീരുമാനമെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com