തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള കർശന നടപടിക്രമങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായതെന്നും പ്രോട്ടോക്കോൾ സംബന്ധിച്ച നിർദ്ദേശങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(The state should have informed in advance who to invite, says Suresh Gopi on NH controversy)
ചടങ്ങിൽ ആരെയൊക്കെ പങ്കെടുപ്പിക്കണം എന്നത് സംബന്ധിച്ച് വിവരം സംസ്ഥാനം കേന്ദ്രത്തിന് നൽകണമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.പി.ജി ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളുടെ കടുത്ത പരിശോധനകളാണ് ചടങ്ങിന്റെ ഭാഗമായി നടന്നത്. കേന്ദ്രമന്ത്രിയായ തന്നോട് പോലും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പ്രോട്ടോക്കോൾ പാലിക്കുന്നതിലും അതിഥികളെ നിശ്ചയിക്കുന്നതിലും സംസ്ഥാനത്തിന് കൃത്യമായ റോൾ ഉണ്ടെന്നും അത് കൃത്യമായി നിർവ്വഹിക്കേണ്ടതായിരുന്നുവെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു. ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഹമ്മദ് റിയാസിനെ മനഃപൂർവ്വം മാറ്റിനിർത്തിയത് രാഷ്ട്രീയ വിവേചനമാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.

