ആറളം ഫാം നിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വകുപ്പുകൾക്ക് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന്റെ നിർദേശം | Aralam Farm

ആറളം ഫാം നിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വകുപ്പുകൾക്ക് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന്റെ നിർദേശം | Aralam Farm
Updated on

ആറളം ഫാം നിവാസികളുടെ വിവിധ പ്രശ്‌നങ്ങളിൽ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ശക്തമായി ഇടപെടുമെന്ന് ചെയർമാൻ ശേഖരൻ മിനിയോടൻ (Aralam Farm ). കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ചെയർമാൻ. പുനരധിവാസം, ഭവന നിർമ്മാണ പദ്ധതികൾ, കുടിവെള്ള പ്രശ്നം, ആറളം ഫാമിംഗ് കോർപ്പറേഷൻ കേരള ലിമിറ്റഡ്, തൊഴിൽ സാഹചര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ- വനിതാ ശിശു വികസന മേഖല, ക്രമസമാധാനം, എക്സൈസ്, വനമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. ആറളം ഫാമിലെ കുടിവെള്ള പ്രശ്‌നത്തിന്റെ സ്ഥായിയായ പരിഹാരത്തിന് പ്രത്യേക കുടിവെള്ള വിതരണ പദ്ധതി കൊണ്ടുവരണം. കുഴൽ കിണറുകളുടെ സാധ്യത പരിശോധിക്കണം. കുടിവെള്ള പ്രശ്നത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ചെയർമാൻ നിർദേശം നൽകി. പുനരധിവാസം കൂടുതൽ ഫലപ്രദമായി കൊണ്ടുപോകുന്നത് സംബന്ധിച്ചും ചർച്ച നടന്നു. എത്രയും പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ഥലത്താവണം വീടുകൾ നിർമ്മിക്കേണ്ടത്. ഫാമിൽ ഇനി പുതിയതായി നിർമ്മിക്കുന്ന വീടുകൾ റോഡരികിൽ നിർമ്മിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
2007ൽ ഫാമിൽ 3375 കുടുംബങ്ങൾക്ക് താമസിക്കാനാകുന്ന രീതിയിലുള്ള സൗകര്യങ്ങളാണ് കണ്ടെത്തിയത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ഥിതി മാറി. ജീവിക്കാൻ വേണ്ട സാഹചര്യം ഇല്ലാത്തതിനാൽ 3375 കുടുംബങ്ങളിൽ 1800 ഓളം കുടുംബങ്ങൾ ഇവിടം വിട്ടുപോയി. തൊഴിൽ സൗകര്യങ്ങളുടെ അപര്യാപ്തതയും ഇതിന് കാരണമാണ്. ഫാമിൽ പലയിടത്തും പണ്ടുണ്ടായിരുന്ന കൃഷി ഇപ്പോൾ ഇല്ല. വന്യമൃഗ ശല്യവും വാഹന സൗകര്യകുറവും പുറത്തേക്ക് പോയി തൊഴിൽ ചെയ്യാൻ മടിക്കുന്നതിന് കാരണമാകുന്നു. ആയതിനാൽ റൂട്ടുകൾ വിളിച്ചുകൊണ്ട് കൂടുതൽ ബസുകൾ ഓടിക്കാനുള്ള നടപടിക്ക് ആർടിഒയ്ക്കും കലക്ടർക്കും നിർദ്ദേശം നൽകിയതായും കമ്മീഷൻ പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വേണ്ടത്ര ഡോക്ടർമാരില്ലെന്ന പരാതി പരിഹരിക്കണം. നിലവിലുള്ള ആംബുലൻസ് അഞ്ചു മണിക്ക് ശേഷം സർവീസിൽ നടത്തുന്നില്ല. അങ്കണവാടി, സ്‌കൂൾ പ്രവർത്തനങ്ങളിലും ഇടപെടലുകൾ ഉണ്ടാവണം. പഠിക്കുന്ന കുട്ടികൾ 100 ശതമാനവും പഠിക്കുന്നുണ്ട്. എന്നാൽ സ്‌കൂളുകളിൽ പഠിക്കാനുള്ള കുട്ടികൾ കുറവാണ്. ഇത് പരിശോധിക്കണം. ക്രമസമാധാന പ്രശ്നങ്ങൾ നിലവിൽ ഇല്ലെങ്കിലും ലഹരി പോലുള്ള പദാർഥങ്ങൾ ഇവർക്കിടയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് നിരന്തരം പരിശോധിക്കണം. വനമേഖലയുമായി ബന്ധപ്പെട്ട് മോഷണ പരാതികളിൻമേൽ കർശന നിയമ നടപടിയെടുക്കണം. തൊഴിലാളികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. ഫാമിംഗ് കോർപ്പറേഷന്റെ ഇപ്പോഴത്തെ കൃഷി രീതികൾ മെച്ചപ്പെടുത്തി തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കണമെന്നും ചെയർമാൻ നിർദേശിച്ചു. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ കമ്മീഷൻ ആറളം ഫാം സന്ദർശിക്കും. ഫാം നിവാസികൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനുതകും വിധം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കമ്മീഷന്റെ തുടർച്ചയായ ഇടപെടൽ ഉണ്ടാകുമെന്നും സർക്കാറിന് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു. വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ചാൽ പരിഹരിക്കാനാവുന്ന വിഷയങ്ങളാണ് ഫാമിലുള്ളത്. പട്ടികജാതി പട്ടികഗോത്രവർഗക്കാരുടെ ഉന്നമനത്തിനായി ഇച്ഛാശക്തിയോടെ പ്രവർത്തിക്കണമെന്ന് കമ്മീഷൻ വകുപ്പുകൾക്ക് നിർദ്ദേശം നല്കിയതായും ചെയർമാൻ പറഞ്ഞു.

ആറളം ഫാമിലെ വിവിധ തൊഴിൽ ഇടങ്ങളും ഉന്നതികളും കമ്മീഷൻ സന്ദർശിച്ചു. ആറളം ഫാമിൽ നടത്തിയ പ്രത്യേക അദാലത്തിൽ പരിഗണിച്ച 10 കേസുകളിൽ ഒൻപതെണ്ണം തീർപ്പാക്കി. കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടന്റെയും കമ്മീഷൻ അംഗങ്ങളായ അഡ്വ.സേതു നാരായണൻ, ടി.കെ വാസു എന്നിവരുടെയും നേതൃത്വത്തിൽ പരിഗണിച്ചത്.

ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, റൂറൽ എസ് പി അനൂജ് പലിവാൾ, കമ്മീഷൻ അംഗം ടി.കെ വാസു, പട്ടികജാതി പട്ടിക ഗോത്രവർഗ ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ് ബാബു, ഐടിഡിപി പ്രോജക്ട് ഓഫീസർ വിനോദ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com