തരൂർ- വീർ സവർക്കർ പുരസ്‌കാര വിവാദം: പ്രതികരിക്കാതെ VD സതീശൻ; കൈകൂപ്പി തൊഴുതു, രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, അടൂർ പ്രകാശ് വിഷയം എന്നിവയിൽ പ്രതികരിച്ചു | VD Satheesan
പത്തനംതിട്ട: കോൺഗ്രസ് എം.പി. ശശി തരൂരിന് വീർ സവർക്കർ പുരസ്‌കാരം നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറായില്ല. ശബരിമല സന്ദർശിക്കാനെത്തിയ സതീശൻ, സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് തരൂരിന്റെ പുരസ്‌കാര വിവാദത്തിലും പ്രതികരണം തേടിയത്. എന്നാൽ, ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് 'ഒന്നും പറയാനില്ല' എന്ന മട്ടിൽ അദ്ദേഹം ഒഴിയുകയായിരുന്നു.(Tharoor-Veer Savarkar Award controversy, VD Satheesan does not respond)
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം, അടൂർ പ്രകാശ് വിവാദം, ശബരിമല സ്വർണ്ണക്കൊള്ള എന്നിവയിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നിലപാടിൽ മാറ്റമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.രാഹുലിനെതിരായ നടപടി കോൺഗ്രസിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. രാഹുൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തുമോ എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള അടൂർ പ്രകാശ് എം.പി.യുടെ പരാമർശം അദ്ദേഹത്തിന് സംഭവിച്ച ഒരു ചെറിയ 'സ്ലിപ്പ്' മാത്രമാണെന്നും, പിന്നീട് അദ്ദേഹം തന്നെ നിലപാട് തിരുത്തിയെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. താനും കെ.പി.സി.സി. അധ്യക്ഷനും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. കോൺഗ്രസും യു.ഡി.എഫും അതിജീവിതയ്ക്കൊപ്പം തന്നെയാണ്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയ സതീശൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണം. സ്വർണ്ണക്കൊള്ളയിൽ ലോകം അമ്പരന്ന് നിൽക്കുകയാണ്. ശബരിമലയിലെ സ്വർണ്ണം തൂക്കത്തേക്കാൾ മൂല്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കഴിയും വരെ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാൻ സർക്കാർ എസ്.ഐ.ടിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ്ണക്കൊള്ള വിഷയത്തിൽ അടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളിൽ തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും, മുഖ്യമന്ത്രിയുടെ ചോദ്യങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങളുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. പിണറായി വിജയൻ ഇപ്പോൾ 'എട്ടുകാലി മമ്മൂഞ്ഞ്' ചമയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
