തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപേ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്ന ദിവസം തന്നെ എല്ലാം സജ്ജമാക്കുന്നത് കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നടപ്പിലാക്കി വരുന്ന മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Textbooks and uniforms before school opens, says CM Pinarayi Vijayan)
ഇത് കഴിഞ്ഞ 10 വർഷമായി സർക്കാരിൻ്റെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സ്കൂൾ തുറക്കുന്നതിന് ആഴ്ചകൾക്ക് മുൻപേ വിതരണ നടപടികൾ പൂർത്തിയാക്കി. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 5,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.
സംസ്ഥാനത്തുടനീളം 55,000 ഹൈടെക് ക്ലാസ് മുറികളും 550 പുതിയ സ്കൂൾ കെട്ടിടങ്ങളും സർക്കാർ നിർമ്മിച്ചു. ആധുനിക രീതിയിലുള്ള പഠനസൗകര്യങ്ങൾ സാധാരണക്കാരായ കുട്ടികൾക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2026-27 അധ്യയന വർഷത്തേക്കാവശ്യമായ 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

