

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എം.-സി.പി.ഐ. തർക്കം പരിഹരിക്കാനായി കരാർ മരവിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതിനെതിരെ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. ഇത് ആത്മഹത്യാപരമായ തീരുമാനമാണെന്നും സർക്കാരിന്റെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.(Suicidal decision, K Surendran on CPM's concessions to PM SHRI scheme )
സർക്കാർ തീരുമാനത്തിലെ മാറ്റം പിണറായി വിജയൻ സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച ശേഷം സ്വന്തം മന്ത്രിസഭയിലെ ഒരു ഘടകകക്ഷിയുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കുന്നത് സർക്കാരിന്റെ വിശ്വാസ്യത തകർക്കും എന്ന് അദ്ദേഹം പറഞ്ഞു.
"എല്ലാ കാര്യങ്ങളിലും ഉറച്ച നിലപാടുള്ള സർക്കാരാണ്, എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് പോകുന്ന സർക്കാരാണ് എന്ന് പ്രഖ്യാപിച്ച പിണറായി വിജയൻ ഗവൺമെന്റിനുള്ള തിരിച്ചടിയാണിത്." കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ധാരണാപത്രം മരവിപ്പിക്കാനുള്ള നീക്കത്തിന്റെ നിയമപരമായ സാധുതയും കെ. സുരേന്ദ്രൻ ചോദ്യം ചെയ്തു. പിഎം ശ്രീയുടെ ധാരണാപത്രത്തിൽ (MoU) പറയുന്നത്, മാനദണ്ഡങ്ങൾ ലംഘിച്ചാൽ കേന്ദ്ര സർക്കാരിന് വേണമെങ്കിൽ പിന്മാറാം എന്നാണ്. "സംസ്ഥാന സർക്കാരിന് പിന്മാറാനുള്ള ഒരു ഓപ്ഷൻ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല," അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയെക്കുറിച്ച് സി.പി.എമ്മിന് കാര്യങ്ങൾ ബോധ്യമായി എന്നാണ് മന്ത്രി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നത്. എൻ.ഇ.പി. പഠിച്ചു, അപാകതയില്ല, കേരളത്തിലെ വിദ്യാർത്ഥികളെ മുന്നോട്ട് നയിക്കാൻ പറ്റുന്ന പദ്ധതിയാണ് എന്ന് മനസ്സിലാക്കിയാണ് സർക്കാർ ഒപ്പുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.