

സമകാലിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ്. 2021-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, അദ്ദേഹം ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്നും, അനിശ്ചിത കാലത്തേക്ക് അവധിയെടുക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. മാനസികാരോഗ്യം വീണ്ടെടുക്കാൻ സമയം വേണമെന്നറിയിച്ച സ്റ്റോക്സ് പിന്നീട് അതേ വർഷം അവസാനം ആഷസ് പരമ്പരയിലൂടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യൻ ഇതിഹാസം വിരാട് കോലിയും 2022 -ൽ ഇത്തരത്തിൽ ഒരു മാസം അവധിയെടുത്തതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പ്രശസ്തരായവർ മാനസിക സമ്മർദം നേരിടുന്നതായുള്ള വാർത്തകൾ വരുമ്പോൾ അതിനു താഴെ, ''ഇട്ടുമൂടാനുള്ള സ്വത്തും, സൗകര്യങ്ങളും ഉള്ളവർക്കും സ്ട്രെസ്സോ, അപ്പോ നമ്മൾ ഒക്കെ എന്തു പറയണം'' എന്ന രീതിയിലുള്ള കമന്റുകൾ ധാരാളം വായിച്ചിട്ടുണ്ടാകും. സ്ട്രെസ് ഏത് സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിൽ ഉള്ളയാൾക്കും വരാമെന്ന അവബോധം ഇല്ലാത്തതാണ് അത്തരം കമന്റുകൾക്ക് പിന്നിലെ കാരണം. അതുകൊണ്ട് തന്നെയാണ് നവംബർ മാസത്തിൽ അന്താരാഷ്ട്ര സ്ട്രെസ് ബോധവത്കരണ വാരം ആചരിക്കുന്നതിന് പ്രസക്തിയേറുന്നതും.
എന്താണ് മാനസിക സമ്മർദ്ദം?
സ്ട്രെസ് വർത്തമാന കാലത്തെ തിരക്കേറിയ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. യാതൊരു സമ്മർദ്ദമോ ആശങ്കകളോ ഇല്ലാത്ത സമാധാനപരമായ ജീവിതം, പലർക്കും ഇന്ന് സ്വപ്നം മാത്രമാണ്. നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളോട് ശരീരം പ്രതികരിക്കുന്ന രീതിയാണ് സ്ട്രെസ് അഥവാ മാനസിക പിരിമുറുക്കമെന്ന് ലളിതമായി പറയാം. ഓഫീസിലെ ഡെഡ്‌ലൈനുകൾ, വീട്ടിലെ ഉത്തരവാദിത്തങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ, സാമ്പത്തിക പ്രശ്നങ്ങൾ, അങ്ങനെ നമ്മൾ നേരിടുന്ന പ്രതിസന്ധി വ്യത്യസ്തമായിരിക്കാം എന്നു മാത്രം.
ഒന്നിന് പുറകെ ഒന്നായി വരുന്ന ഈ വെല്ലുവിളികൾക്കിടയിൽ, നമ്മളറിയാതെ നമ്മുടെ മനസ്സിന്റെ താളം തെറ്റുന്നു. നെഞ്ചിലൊരു ഭാരമായി, ഉറക്കമില്ലാത്ത രാത്രികളായി, ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം വരുന്ന അവസ്ഥയായി, 'മാനസിക സമ്മർദ്ദം' അഥവാ 'സ്ട്രെസ്' നമ്മളിൽ കയറിക്കൂടുന്നു.
മാനസിക സമ്മർദ്ദത്തിന്റെ ചില പ്രധാന കാരണങ്ങൾ
ജോലിഭാരം അല്ലെങ്കിൽ തൊഴിലില്ലായ്മ: ഉയർന്ന മത്സരമുള്ള തൊഴിൽ മേഖലയിലെ അതിജീവനത്തിനായുള്ള നെട്ടോട്ടവും, ഓരോ മാസവും നിശ്ചയിക്കപ്പെട്ട ടാർഗറ്റും, മേലധികാരികളിൽ നിന്നുള്ള കുത്തുവാക്കുകളും സ്ട്രെസിലേക്ക് നയിക്കാം. അതുപോലെ തന്നെയാണ് ഒരു ജോലിയില്ലാത്തതിനാലുള്ള അരക്ഷിതാവസ്ഥയും.
സാമ്പത്തിക ബാധ്യതകൾ: ലോണുകൾ, കടങ്ങൾ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾ എന്നിവ സാധാരണക്കാരന്റെ ഉറക്കം കെടുത്തുന്നു.
ബന്ധങ്ങളിലെ താളപ്പിഴകൾ: ദാമ്പത്യപ്രശ്നങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള അകൽച്ച, പ്രിയപ്പെട്ടവരുടെ വേർപാട്, ബന്ധങ്ങളിൽ ശരിയായ ആശയവിനിമയം ഇല്ലാത്തതെല്ലാം മാനസിക പിരിമുറുക്കം സൃഷ്ടിച്ചേക്കാം.
ആരോഗ്യ പ്രശ്നങ്ങൾ: സ്വന്തമോ വേണ്ടപ്പെട്ടവർക്കോ വന്ന അപ്രതീക്ഷിത രോഗങ്ങൾ ഉണ്ടാക്കുന്ന മാനസിക സംഘർഷം.
സാമൂഹിക സമ്മർദ്ദം: സമൂഹത്തിൽ 'മിടുക്കരായി' അല്ലെങ്കിൽ 'വിജയിച്ചവരായി' നിലനിൽക്കാനുള്ള ബാധ്യതയും, മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുന്നതിലൂടെയും സൃഷ്ടിക്കപ്പെടുന്ന സമ്മർദം.
സാങ്കേതികവിദ്യയുടെ സ്വാധീനം: സാമൂഹിക മാധ്യമങ്ങളിലെ അതിപ്രസരം, നിരന്തരമായ നോട്ടിഫിക്കേഷനുകൾ, വിവരങ്ങളുടെ ഒഴുക്ക് എന്നിവ മനസ്സിന് വിശ്രമം നൽകാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ജെൻ സി എന്ന് വിശേഷിപ്പിക്കുന്ന യുവ തലമുറയിലാണ് സാങ്കേതികവിദ്യയുടെ സ്വാധീനത്തിൽ മാനസിക പിരിമുറുക്കം കൂടുതലായും കണ്ടുവരുന്നത്.
മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ
ശാരീരികവും മാനസികവുമായ നിരവധി ലക്ഷണങ്ങളിലൂടെ മാനസിക സമ്മർദ്ദം പ്രകടമാവാം:
ശാരീരിക ലക്ഷണങ്ങൾ: പതിവായ തലവേദന, കഴുത്തിലും തോളുകളിലും വേദന, നെഞ്ചെരിച്ചിൽ, ദഹനപ്രശ്നങ്ങൾ, അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിതമായ ഉറക്കം.
മാനസിക ലക്ഷണങ്ങൾ: അമിതമായ ഉത്കണ്ഠ, വിഷാദം, ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കുക, മറവി, നിരാശ, ആശയക്കുഴപ്പം.
പെരുമാറ്റത്തിലെ മാറ്റങ്ങൾ: മുൻകോപം, പെട്ടെന്ന് കരയുക, അമിതമായി ഭക്ഷണം കഴിക്കുകയോ തീരെ കഴിക്കാതിരിക്കുകയോ ചെയ്യുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കടക്കുക, സ്വയം ഉൾവലിയുക, മറ്റുള്ളവരിൽ നിന്ന് അകന്നുമാറി ഇരിക്കുക എന്നിവയെല്ലാം സ്ട്രെസിന്റെ ലക്ഷണങ്ങളാകാം.
സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാം .
സമ്മർദ്ദം എന്നതൊരു രോഗമല്ല. മറിച്ച് ജീവിത സാഹര്യങ്ങളാൽ രൂപപ്പെട്ട മാനസികാവസ്ഥയാണ്. അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് നമ്മുടെ വിജയം.
ദിനചര്യയിൽ മാറ്റങ്ങൾ വരുത്തുക: ദിവസവും അരമണിക്കൂറെങ്കിലും നടക്കുകയോ, ഇഷ്ടമുള്ള വ്യായാമങ്ങളിലോ, കായിക വിനോദങ്ങളിലോ ഏർപ്പെടുന്നത് സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കാൻ സഹായിക്കും.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കുക. ലഹരിയെ പടിക്ക് പുറത്താക്കുക.
ദിവസവും ഏഴോ എട്ടോ മണിക്കൂർ സുഖമായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്തുക. ആ സമയം വായനക്കോ, പ്രിയപ്പെട്ടവരോട് സംസാരിക്കാനോ വിനിയോഗിക്കുക.
മനസ്സിനെ ശാന്തമാക്കുക: ദിവസവും അല്പസമയം ശാന്തമായി കണ്ണടച്ചിരുന്ന് ശ്വാസോച്ഛ്വാസം നടത്തുകയോ, ധ്യാനത്തിൽ ഏർപ്പെടുകയോ ചെയ്യാം. കൂടാതെ ചെയ്യുന്ന പ്രവർത്തികളിൽ, കൂടുതൽ ശ്രദ്ധ കൊടുക്കുക. അതുവഴി മനസ്സ് പലതിലേക്കും വ്യതിചലിക്കുന്നത് നിയന്ത്രിക്കാനാകും. ടെൻഷൻ തോന്നുമ്പോൾ, ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ പുറത്തുവിടുക. ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കും.
ഹോബികൾക്കായി സമയം കണ്ടെത്തുക: ഇഷ്ടപ്പെട്ട പാട്ട് കേൾക്കുക, പുസ്തകം വായിക്കുക, സിനിമ കാണുക പൂന്തോട്ടപരിപാലനം, യാത്രകൾ, വരയ്ക്കുക തുടങ്ങി, നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്കായി ദിവസവും അല്പം സമയം മാറ്റിവയ്ക്കുക. ഇത് നിങ്ങളുടെ മനസ്സിന് ഉന്മേഷം നൽകും.
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തുറന്ന് സംസാരിക്കുക. ഒറ്റയ്ക്കാണെന്ന തോന്നൽ ഇല്ലാതാക്കാൻ ഇത് സഹായിക്കും. പറ്റുമെങ്കിൽ വണ്ടിയുമെടുത്ത് പ്രിയപ്പെട്ടവർക്കൊപ്പം ഒരു നൈറ്റ് ഡ്രൈവാകാം.
'നോ' പറയാൻ പഠിക്കുക: ശബ്ദ താരാവലിയിൽ ഏറ്റവും ചെറിയ വാക്കുകളിൽ ഒന്നാണെങ്കിലും, പലർക്കും പറയാൻ ഏറെ ബുദ്ധിമുട്ടുള്ള വാക്കാണ് 'നോ'. ഞാൻ പറ്റില്ല എന്നു പറഞ്ഞാൽ അവരെന്ത് വിചാരിക്കും, മോശമല്ലേ എന്നെല്ലാം കരുതി, പലതും ഏറ്റെടുക്കുന്നത് നമ്മുടെ മനസ്സിനെ ബുദ്ധിമുട്ടിലാക്കുകയേ ഉള്ളൂ. നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തതോ, കൂടുതൽ സമ്മർദ്ദമുണ്ടക്കാൻ ഇടയുള്ളതോ ആയ കാര്യങ്ങളോട് 'നോ'പറയാൻ മടിക്കരുത്. നിങ്ങൾ ആദ്യം നിങ്ങളെ തന്നെ വേണം സ്നേഹിക്കാനും, പരിപാലിക്കാനും പഠിക്കാൻ.
പ്രൊഫഷണൽ സഹായം തേടുക: സമ്മർദ്ദം താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നും, നിങ്ങൾക്ക് സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല എന്നും തോന്നിയാൽ ഒരു കൗൺസിലറെയോ സൈക്കോളജിസ്റ്റിനെയോ കാണാൻ മടിക്കരുത്. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുന്നത് ഒരു കുറവായി കാണേണ്ടതില്ല.
മനസ്സിനെ സ്നേഹിക്കൂ
മാനസിക സമ്മർദ്ദം ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ അത് ജീവിതത്തെ നിയന്ത്രിക്കാൻ അനുവദിക്കരുത്. നമ്മുടെ മനസ്സിനെ കേൾക്കാനും, പരിചരിക്കാനും പഠിക്കണം. നല്ല ഉറക്കം, അർത്ഥപൂർണമായ സംഭാഷണങ്ങൾ, സമയം ചിലവഴിക്കൽ, ഇതെല്ലാം തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾ നിങ്ങളോട് തന്നെ കരുണ കാണിക്കുക, ആഴത്തിൽ ശ്വാസമെടുക്കുക. എന്നിട്ട്, ജീവിതത്തിന്റെ വെല്ലുവിളികളെ ശാന്തമായ മനസ്സോടെ അഭിമുഖീകരിക്കുക. കാരണം, ജീവിതം നമുക്ക് ആസ്വദിക്കാനുള്ളതാണ്, സമ്മർദ്ദത്തിലാകാനുള്ളതല്ല!
തയ്യാറാക്കിയത് : ദിവ്യ കൃഷ്ണ , റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ് ആൻഡ് എബിഎ തെറാപ്പിസ്റ്, പ്രയത്‌ന ,കൊച്ചി.