കോവളത്ത് തെരുവു നായ ശല്യം രൂക്ഷം: കടലിൽ ചാടിയിട്ടും ഹോട്ടൽ ഉടമയെ ആക്രമിച്ചു | Stray dog

റോബിൻ്റെ വലത് കാലിൽ നായകൾ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു
കോവളത്ത് തെരുവു നായ ശല്യം രൂക്ഷം: കടലിൽ ചാടിയിട്ടും ഹോട്ടൽ ഉടമയെ ആക്രമിച്ചു | Stray dog
Published on

തിരുവനന്തപുരം: പ്രശസ്തമായ കോവളം ബീച്ചിൽ തെരുവുനായ ആക്രമണം തുടർക്കഥയാകുന്നു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയ സ്വകാര്യ ഹോട്ടലുടമയ്ക്ക് നേരെയാണ് നായകളുടെ കൂട്ടായ ആക്രമണമുണ്ടായത്.(Stray dog ​​trouble in Kovalam, Hotel owner attacked despite jumping into the sea)

ഹവ്വാ ബീച്ചിലൂടെ നടന്നു വരികയായിരുന്ന കണ്ണൂർ സ്വദേശിയും ഹോട്ടൽ ഉടമയുമായ റോബിൻ്റെ വലത് കാലിൽ നായകൾ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി റോബിൻ ഭയന്ന് കടലിലേക്ക് ചാടിയെങ്കിലും, നായകൾ ഇദ്ദേഹത്തെ വിടാതെ പിൻതുടർന്ന് വീണ്ടും ആക്രമിച്ചു. പരിക്കേറ്റ റോബിൻ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി.

കോവളം ബീച്ചിൽ അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ശനിയാഴ്ച ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിലൂടെ നടന്നു വരികയായിരുന്ന റഷ്യൻ പൗരയായ പൗളിന (32) യെയും തെരുവുനായ ആക്രമിച്ചിരുന്നു. പൗളിനയുടെ വലത് കണങ്കാലിൽ മാരകമായി കടിയേൽക്കുകയുണ്ടായി.

തുടർച്ചയായ തെരുവുനായ ആക്രമണങ്ങൾ വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം കോവളം ബീച്ചിൽ തെരുവുനായകളെ പിടികൂടി തുടങ്ങി.

പിടികൂടുന്ന നായ്ക്കളെ പേട്ട മൃഗാശുപത്രിയോട് ചേർന്നുള്ള എബിസി കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ 10 ദിവസം നായ്ക്കളെ നിരീക്ഷിക്കുകയും, പേവിഷ ബാധക്കെതിരെയുള്ള കുത്തിവെയ്പ്പ് നൽകുകയും ചെയ്യാനാണ് ആരോഗ്യ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് നഗരസഭയുടെ ഈ അടിയന്തര നടപടി.

Related Stories

No stories found.
Times Kerala
timeskerala.com