തിരുവനന്തപുരം: തെരുവുനായ കാറിന് മുന്നിലേക്ക് ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടുണ്ടായ വാഹനാപകടത്തിൽ രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പരിക്ക്. ജില്ലാ പഞ്ചായത്ത് പാറശാല ഡിവിഷനിലെ സ്ഥാനാർത്ഥി കൊറ്റാമം വിനോദും ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി നിർമ്മല കുമാരിയും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.(Stray dog jumps across, vehicle meets with accident, Congress candidates injured)
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഉദിയൻകുളങ്ങര കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കൊച്ചോട്ടുകോണത്ത് വെച്ചാണ് അപകടമുണ്ടായത്. സ്ഥാനാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലേക്ക് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന വിനോദ് ബ്രേക്ക് ചെയ്തപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മുൻഭാഗം തകർന്നു. വിനോദാണ് കാർ ഓടിച്ചിരുന്നത്.
അപകടത്തെ തുടർന്ന് മറ്റൊരു കാറിലുണ്ടായിരുന്ന സഹപ്രവർത്തകരാണ് ഇരുവരെയും പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൊറ്റാമം വിനോദിന് കാലിൽ പൊട്ടലും കൈയ്യിൽ പരിക്കുമുണ്ട്. നിർമ്മല കുമാരിക്ക് നിസാര പരിക്കുകളാണ് ഉള്ളത്.
കൈകാലുകളിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ, സാമൂഹിക മാധ്യമങ്ങൾ വഴിയും വോട്ടർമാരെ ഫോണിൽ വിളിച്ചുമാണ് വിനോദും സംഘവും നിലവിൽ വോട്ട് ഉറപ്പിക്കുന്നത്. തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് എൻ. ശക്തൻ ഉൾപ്പെടെയുള്ള നേതാക്കൾ പാറശാല താലൂക്ക് ആശുപത്രിയിലെത്തി സ്ഥാനാർത്ഥികളെ സന്ദർശിച്ചു.