മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് 14 വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിർമ്മാണ തൊഴിലാളിക്ക് നേർക്ക് നായയുടെ ക്രൂരമായ ആക്രമണം. തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്തെ നിർമ്മാണ തൊഴിലാളിയായ സുരേഷിനാണ് പരിക്കേറ്റത്. (Stray dog brutally attacks construction worker who tried to save student)
കഴിഞ്ഞ ജനുവരി 14-ന് നടന്ന സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു 14 വയസ്സുകാരിയെ തെരുവ് നായ ആക്രമിക്കാൻ മുതിരുന്നത് കണ്ടാണ് സുരേഷ് ഇടപെട്ടത്. കുട്ടിയെ രക്ഷപ്പെടുത്തി മാറ്റുന്നതിനിടെ നായ സുരേഷിന് നേരെ തിരിയുകയായിരുന്നു.
നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സുരേഷ് സമീപത്തെ ഓടയിലേക്ക് വീണു. എന്നാൽ, ഓടയിൽ വെച്ചും നായ വിടാതെ സുരേഷിനെ ആക്രമിച്ചു കൊണ്ടിരുന്നു. ശരീരത്തിന്റെ 15-ഓളം ഭാഗങ്ങളിൽ സുരേഷിന് നായയുടെ കടിയേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.