എറണാകുളം: വടക്കൻ പറവൂർ നീണ്ടൂരിൽ തെരുവുനായ കടിച്ചെടുത്ത മൂന്നര വയസുകാരിയുടെ ചെവിയുടെ ശസ്ത്രക്രിയ പരാജയപ്പെട്ടു. തുന്നിച്ചേർത്ത ചെവിയുടെ ഭാഗത്ത് പഴുപ്പ് കയറിയതിനെ തുടർന്നാണ് ശസ്ത്രക്രിയ പരാജയപ്പെട്ടത്.(Stray dog bit a child's ear, Pus formed and surgery failed)
നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മിറാഷിന്റെ മകൾ നിഹാരയുടെ ചെവിയാണ് തെരുവുനായ കടിച്ചെടുത്തത്.
ഞായറാഴ്ച വൈകുന്നേരം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിഹാരയെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. സമീപത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടു നിന്നവർ ഓടിയെത്തിയാണ് നായയെ ഓടിച്ചത്.
നിലത്തു വീണ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് കവറിലാക്കി ബന്ധുക്കൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് നിഹാരയുടെ പിതാവ് മിറാഷ് പറഞ്ഞു. എന്നാൽ, നിലവിൽ തുന്നിച്ചേർത്ത ഭാഗത്ത് പഴുപ്പ് ബാധിച്ചിരിക്കുകയാണ്.