പാലക്കാട്: വടക്കാഞ്ചേരിയിൽ കിടപ്പുരോഗിയായ വ്യക്തിക്ക് നേരെ തെരുവുനായയുടെ ക്രൂരമായ ആക്രമണം. വടക്കഞ്ചേരി പുളിമ്പറമ്പ് സ്വദേശി വിശാലം (55) നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.(Stray dog attacks bedridden patient, Bites hand)
കിടപ്പുരോഗിയായ വിശാലം വീടിൻ്റെ മുൻപിലെ ചായ്പ്പിൽ കട്ടിലിൽ കിടക്കുകയായിരുന്നു. പുറത്തുനിന്ന് വന്ന തെരുവുനായ പെട്ടെന്ന് കയറി അദ്ദേഹത്തിൻ്റെ കൈയ്യിൽ കടിക്കുകയായിരുന്നു.
ആക്രമണത്തിൽ വിശാലത്തിൻ്റെ കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്. കയ്യിലെ മാംസം പുറത്തുവന്ന നിലയിലായിരുന്നു. കിടപ്പുരോഗിയായതിനാൽ ആക്രമണത്തിനിടെ അദ്ദേഹത്തിന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല.
വിശാലത്തിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നായയെ ഓടിച്ചത്. പരിക്കേറ്റ വിശാലത്തെ ഉടൻ തന്നെ ആലത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ പിന്നീട് ഈ നായയെ തല്ലിക്കൊന്നു.
മറ്റു പലരെയും നായ കടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലേക്ക് കൊണ്ടുപോയി പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം വന്നാൽ മാത്രമേ നായക്ക് പേവിഷബാധ (Rabies) ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് അധികൃതർ വ്യക്തമാക്കി.