പത്തനംതിട്ട: സി.പി.ഐ. വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ശ്രീനാദേവിയെ പാർട്ടിയിലേക്ക് ഔദ്യോഗികമായി സ്വീകരിക്കുമെന്നാണ് വിവരം.(Sreena Devi Kunjamma who left CPI, will join Congress today)
രാവിലെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവുമായി ശ്രീനാദേവി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡി.സി.സി.യിൽ വെച്ചാകും പാർട്ടി അംഗത്വം സ്വീകരിക്കുക. സി.പി.ഐ. സ്ഥാനാർത്ഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകിയേക്കുമെന്നാണ് സൂചന.
പാർട്ടിയുടെയും എ.ഐ.വൈ.എഫിന്റെയും എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായി നവംബർ മൂന്നിനാണ് ശ്രീനാദേവി മാധ്യമങ്ങളെ അറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ശ്രീനാദേവിയിട്ട പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സി.പി.ഐ. സ്വീകരിച്ചത്.
സി.പി.ഐ. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ശേഷമാണ് ശ്രീനാദേവി പാർട്ടി വിട്ടത്. സി.പി.ഐ.യുടെ പ്രമുഖ വനിതാ നേതാവായിരുന്ന ശ്രീനാദേവിയുടെ കോൺഗ്രസിലേക്കുള്ള പ്രവേശനം പത്തനംതിട്ടയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തും.