പത്തനംതിട്ട: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടൂരിലെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. ലാപ്‌ടോപ്പ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധനയെങ്കിലും പത്ത് മിനിറ്റോളം നീണ്ട തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല.(SIT inspects Rahul Mamkootathil's house in Adoor)
തിരുവല്ലയിലെ ഹോട്ടലിൽ രാഹുലിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. നിലവിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ എസ് ഐ ടി ആരംഭിച്ചു. ഇതിനായി നിയമപരമായ നീക്കങ്ങളാണ് നടക്കുന്നത്.
രാഹുൽ തന്റെ ഫോണിന്റെ പാസ്‌വേഡ് കൈമാറാൻ തയ്യാറാകാത്ത സാഹചര്യത്തിൽ, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോൺ അൺലോക്ക് ചെയ്ത് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ഫോണിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.