കോഴിക്കോട്: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആർ.) നടപടികൾക്ക് നിയോഗിച്ച ബൂത്ത് ലെവൽ ഓഫീസർക്ക് (ബി.എൽ.ഒ.) കോഴിക്കോട് സബ് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് പി.ഡബ്ല്യു.ഡി. സീനിയർ ക്ലർക്കായ അസ്ലമിന് നോട്ടീസ് നൽകിയത്.(Show cause notice issued to BLO, Protest in front of the Kozhikode Collectorate)
നോട്ടീസിൽ പറയുന്നത് അനുസരിച്ച്, ഏൽപ്പിച്ച ജോലി നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്തു. 984 വോട്ടർമാരിൽ വെറും 390 പേർക്ക് മാത്രമാണ് ബി.എൽ.ഒ. ഫോം നൽകിയത്. നവംബർ 13-ന് നൽകിയ നോട്ടീസാണ് ഇപ്പോൾ പുറത്തുവന്നത്. നവംബർ 15-ന് മുൻപായി കാരണം ബോധിപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, എസ്.ഐ.ആർ. നടപടികളുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് കളക്ടറേറ്റിൽ ബി.എൽ.ഒ.മാർ പ്രതിഷേധവുമായി രംഗത്തെത്തി. എൻ.ജി.ഒ. അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം.
ജോലി സമ്മർദ്ദം, കാരണം കാണിക്കൽ നോട്ടീസുകൾ, സസ്പെൻഷൻ ഭീഷണികൾ എന്നിവയിൽ പ്രതിഷേധിച്ചുകൊണ്ട് ബി.എൽ.ഒ.മാർ കളക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാജ്യവ്യാപകമായി ബി.എൽ.ഒ.മാരുടെ ജോലിഭാരത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം.