
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം പാടില്ലെന്ന് പ്രതികരിച്ച് ലോറിയുടമ മനാഫ്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് കൂട്ടിച്ചേർത്തു.(Shiroor Arjun )
താൻ മതസ്പർധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും, അവ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചതെന്നും പറഞ്ഞ അദ്ദേഹം, യൂട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാവുന്നതാണെന്നും അറിയിച്ചു. ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചുവെന്നാണ് താൻ കരുതിയതെന്നും മനാഫ് കൂട്ടിച്ചേർത്തു.
അറിഞ്ഞു കൊണ്ട് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ മനാഫ്, വലിയ മാനസിക സംഘർഷത്തിലാണെന്നും, അർജുൻ്റെ കുടുംബത്തെ ആക്രമിക്കരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്നും വ്യക്‌തമാക്കി. മനാഫിൻ്റെ പ്രതികരണം വികാരധീനനായായിരുന്നു.
അർജുൻ്റെ സഹോദരി അഞ്ജു നൽകിയ പരാതിയിൽ ചേവായൂർ പോലീസ് മനാഫിനെതിരെ കേസെടുത്തിരുന്നു. ചുമത്തിയിരിക്കുന്നത് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന വകുപ്പാണ്. മനാഫ് കുടുംബത്തിൻ്റെ വൈകാരികതയും, മാനസികാവസ്ഥയും മുതലെടുത്തതായാണ് എഫ് ഐ ആറിൽ പറയുന്നത്.