തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പോലീസ് സ്വയമേ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.(Sexual assault on woman in KSRTC bus, Police register case after footage goes viral)
കാട്ടാക്കടയിലേക്ക് പോകാൻ തിരുവനന്തപുരത്തു നിന്നാണ് പെൺകുട്ടിയും അതിക്രമം നടത്തിയയാളും ബസിൽ കയറിയത്. പേയാട് ഭാഗത്ത് എത്തിയപ്പോഴാണ് സഹയാത്രികനായ ഇയാൾ യുവതിയുടെ ശരീരത്തിൽ പലതവണ കടന്നുപിടിക്കാൻ ശ്രമിച്ചത്.
അതിക്രമം തുടർന്നതോടെ യുവതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. ഇതിനിടെ പ്രതി അപ്രതീക്ഷിതമായി അതിക്രമം നടത്തി. ഉടൻ തന്നെ പെൺകുട്ടി ഇയാളുടെ കൈ തട്ടിയെറിയുകയും മുഖത്തടിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ മറ്റ് യാത്രക്കാർ പ്രതികരിച്ചിരുന്നില്ല. ഒന്നുകിൽ പോലീസ് സ്റ്റേഷനിലേക്ക് പോകണം, അല്ലെങ്കിൽ പ്രതിയെ ബസിൽ നിന്ന് ഇറക്കിവിടണം എന്ന് യുവതി ആവശ്യപ്പെട്ടു. തുടർന്ന് കണ്ടക്ടർ എത്തി പ്രതിയെ പേയാട് ഭാഗത്ത് ഇറക്കിവിട്ടു.
യുവതി പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും വൈറലാവുകയും ചെയ്തിരുന്നു. വീഡിയോ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കേസ് സ്വയമേ എടുക്കാൻ തീരുമാനിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉചിതമായ നടപടി സ്വീകരിക്കാനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പൂജപ്പുര പോലീസിന് നിർദേശം നൽകിയിരുന്നു. പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുത്ത ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന സ്ഥലം വിളപ്പിൽശാല സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. പ്രതിയെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.