പാലക്കാട്: ആലത്തൂർ പാടൂരിൽ തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് ലൈംഗികാതിക്രമത്തിന് മുതിർന്ന ബിജെപി പ്രവർത്തകൻ പൊരുളിപ്പാടം സുരേഷ് പൊലീസിന്റെ പിടിയിലായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ തമിഴ്‌നാട്ടിലെ പഴനിയിൽ നിന്നാണ് ആലത്തൂർ പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ പീഡനശ്രമം, വധശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരം കേസെടുത്തു.(Sexual assault on elderly woman, BJP worker arrested)
കഴിഞ്ഞ ദിവസമാണ് പാടൂർ സ്വദേശിയായ 65-കാരിക്ക് നേരെ സുരേഷിന്റെ ആക്രമണമുണ്ടായത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ പ്രതി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
പ്രതിയായ സുരേഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റി അവകാശപ്പെട്ടെങ്കിലും, ഇയാൾ ബിജെപി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ചിത്രങ്ങളും പാർട്ടി ഔദ്യോഗിക പേജിലെ വാർത്തകളും പുറത്തുവന്നതോടെ നേതൃത്വം പ്രതിരോധത്തിലായി.