തിരുവനന്തപുരം: ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ മധുര സ്വദേശി ബെഞ്ചമിൻ (35) നെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ വാങ്ങി.ബെഞ്ചമിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മുൻപും ക്രിമിനൽപശ്ചാത്തലമുള്ള പ്രതിയുമായി സംഭവം നടന്ന സ്ഥലം, മോഷണം നടത്തിയ വീടുകൾ, ട്രക്ക് പാർക്ക് ചെയ്ത സ്ഥലം, ഭക്ഷണം കഴിച്ച തട്ടുകട എന്നീവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുത്തത്.
കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.കഴിഞ്ഞ 18ന് പുലർച്ചെയാണ് ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന യുവതിയെ മുറിയിലെ കതക് തള്ളി തുറന്നു ബെഞ്ചമിൻ പീഡിപ്പിച്ചത്.
ഹോസ്റ്റൽ പീഡനത്തിൽ വെെദ്യപരിശോധനയ്ക്ക് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തിയാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്. തുടർന്ന് സംഭവസ്ഥലത്തു നിന്ന് ഫോറൻസിക് സംഘം അക്രമിയുടെ വിരലടയാളവും സ്രവ സാമ്പിളുകളും ശേഖരിച്ചിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി മധുരയിൽ നിന്ന് പിടിയിലായത്.
മധുരയിൽ ബെഞ്ചമിന് ഭാര്യയും മൂന്ന് കുട്ടികളും ഉള്ളതായി പൊലീസ് പറഞ്ഞു. ബെഞ്ചമിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. എത്രയും വേഗം കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.