

കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് കേസുകളിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ജഡ്ജി കെ. കൃഷ്ണകുമാർ ആണ് വിധി പ്രസ്താവിച്ചത്.
ആദ്യ കേസിൽ എട്ട് വർഷം തടവും 75,000 രൂപ പിഴയുമാണ് കോടതി. വിധിച്ചത്. കാസർകോട് കാലിക്കടവ് എരമംഗലം വീട്ടിൽ വിജയകുമാർ (55) ആണ് പ്രതി. എട്ട് വർഷവും ഒരു മാസവും തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ ലൈംഗികാതിക്രമം നടന്നത്. അന്നത്തെ പനമരം എസ്.എച്ച്.ഒ ആയിരുന്ന റജീന കെ. ജോസ് ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
രണ്ടാമത്തെ കേസിൽ , അഞ്ചുകുന്ന്, വിളമ്പുകണ്ടം കാരമ്മൽ വീട്ടിൽ ഷമീർ (40) ആണ് പ്രതി. ആറ് വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. 2023 ഫെബ്രുവരിയിൽ പള്ളിക്കുന്ന് പെരുന്നാൾ കഴിഞ്ഞ് പ്രതിയുടെ ഓട്ടോയിൽ കയറിയ ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. അന്നത്തെ എസ്.എം.എസ് ഡി.വൈ.എസ്.പി പി.കെ. സന്തോഷാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
രണ്ട് കേസുകളിലും പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.