മലപ്പുറം: വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്.ഐ.ആർ. നടപടിക്രമങ്ങളെ ചൊല്ലി സംസ്ഥാനത്ത് ബൂത്ത് ലെവൽ ഓഫീസർമാർ കടുത്ത മാനസിക സമ്മർദ്ദത്തിൽ. ജോലിഭാരം താങ്ങാനാവാതെ കൊണ്ടോട്ടിയിലെ ബി.എൽ.ഒമാർ തഹസിൽദാർക്ക് സങ്കട ഹർജി നൽകി. അതേസമയം, കോട്ടയത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ ബി.എൽ.ഒയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ട് ആശ്വാസം നൽകി.(Severe mental stress, BLOs in Kondotty filed a petition)
കൊണ്ടോട്ടി താലൂക്കിലെ ബി.എൽ.ഒമാർ സംയുക്തമായാണ് കൊണ്ടോട്ടി തഹസിൽദാർക്ക് ഹർജി നൽകിയത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വലിയ മാനസിക പ്രയാസം നേരിടുന്നു. എസ്.ഐ.ആർ. നടപടിക്രമങ്ങൾ ബി.എൽ.ഒമാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായി സംശയം.
ഡിസംബർ 9-ന് ഇറങ്ങുന്ന കരട് വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പൊതുജനം ബി.എൽ.ഒമാർക്കെതിരെ തിരിയുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് എസ്.ഐ.ആർ. നടപ്പിലാക്കുന്നത്. ഇത് തങ്ങൾക്ക് ജോലി ചെയ്യുന്നതിൽ പ്രയാസമുണ്ടാക്കുന്നുവെന്നും കത്തിൽ പറയുന്നു. ഈ പരാതി തഹസീൽദാർ ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.