
തിരുവനന്തപുരം : നൃത്തം പഠിക്കാനെത്തിയ ഏഴു വയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വർഷം കഠിനതടവ്.കൊല്ലം തുളസിമുക്ക് സ്വദേശിയായ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
പിഴ തുകയായ 3.25 ലക്ഷം രൂപ വിദ്യാർത്ഥിക്ക് നൽകിയില്ലെങ്കിൽ മൂന്നര വര്‍ഷം വെറുംതടവ് അനുഭവിക്കണം. പന്ത്രണ്ടു വയസ്സുള്ള മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും സുനില്‍കുമാര്‍ പ്രതിയാണ്.
2017-19 കാലത്താണ് കേസിനാസ്പദമായ സംഭവം. നൃത്തം പഠിക്കാനെത്തിയ ഏഴു വയസുകാരനെ പ്രതിയായ സുനില്‍ കുമാർ പലവട്ടം ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നു. സംഭവ വിവരം പുറത്ത് പറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ വിവരങ്ങളൊന്നും കുട്ടി വീട്ടിൽ അറിയിച്ചിരുന്നില്ല.
സഹോദരനെയും നൃത്തപഠനത്തിന് വിടാന്‍ വീട്ടുകാര്‍ ഒരുങ്ങിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. പിന്നീട് വീട്ടുക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.