പത്തനംതിട്ട: പുണ്യമായ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. സ്വർണക്കൊള്ള വിവാദം നിലനിൽക്കുന്നതിനിടെയാണ് ഇത്തവണത്തെ തീർത്ഥാടന സീസണിന് തുടക്കമാകുന്നത്. മണ്ഡല സീസണിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.(Sabarimala Mandala Makaravilakku Pilgrimage, Online bookings for the first few days complete)
ഒരു ദിവസം 90,000 പേർക്കാണ് നിലവിൽ ദർശനത്തിന് സൗകര്യമുള്ളത്. ഇതിൽ 70,000 പേർക്ക് ഓൺലൈൻ വഴിയും 20,000 പേർക്ക് തൽസമയ ബുക്കിംഗ് വഴിയുമാണ് പ്രവേശനം അനുവദിക്കുക. ആദ്യ ദിവസങ്ങളിലെ ഓൺലൈൻ ബുക്കിംഗ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇന്ന് മാത്രം ഏകദേശം 30,000 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്.
പമ്പയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റി വിടും. സ്വർണ്ണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ശാസ്ത്രീയ പരിശോധനകൾ നാളെ നടക്കും. നാളെ ഉച്ചയ്ക്ക് നട അടച്ച ശേഷം ദ്വാരപാലക പാളികൾ, കട്ടിള പാളികൾ എന്നിവയിൽ നിന്ന് കേസിലെ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കും. സന്നിധാനത്തെ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട നടപടികളും സമാന്തരമായി തുടരുകയാണ്.