

ശബരിമല: മകരവിളക്ക് ദർശിക്കാൻ അനുയോജ്യമായ ഇടങ്ങളിൽ പർണ്ണശാലകൾ കെട്ടി അയ്യപ്പഭക്തർ സന്നിധാനത്തും പരിസരത്തും നിലയുറപ്പിച്ചു കഴിഞ്ഞു. പൊന്നമ്പലമേട് കാണാൻ സാധിക്കുന്ന സ്ഥലങ്ങളിലാണ് ഭൂരിഭാഗം തീർത്ഥാടകരും തമ്പടിച്ചിരിക്കുന്നത്.(Sabarimala is ready for Makaravilakku, Flock of devotees)
പന്തളം കൊട്ടാരത്തിൽ നിന്ന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പുറപ്പെട്ട ഘോഷയാത്ര നാളെ വൈകുന്നേരത്തോടെ സന്നിധാനത്തെത്തും. തുടർന്ന് വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കും. ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മകരവിളക്ക് ദിവസമായ നാളെ 35,000 പേർക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടുതൽ ഭക്തർ പുൽമേട്, പാണ്ടിത്താവളം തുടങ്ങിയ മേഖലകളിൽ മകരവിളക്ക് ദർശിക്കാൻ തമ്പടിച്ചിട്ടുണ്ട്.
പോലീസിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നേതൃത്വത്തിൽ സന്നിധാനത്തും കാനനപാതകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വകുപ്പുകളുടെയും ഏകോപനം പൂർത്തിയായതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സന്നിധാനം കൂടാതെ പുൽമേട് ഉൾപ്പെടെയുള്ള ഒൻപത് ദർശന പോയിന്റുകളിലും പ്രത്യേക നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.