Wednesday, February 11, 2026
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: SITയോട് ഫയലുകൾ ആവശ്യപ്പെടാൻ വിജിലൻസ്; നടൻ ജയറാമിൻ്റെ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SITയോട് ഫയലുകൾ ആവശ്യപ്പെടാൻ വിജിലൻസ്; നടൻ ജയറാമിൻ്റെ ED ചോദ്യം ചെയ്യൽ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ | Sabarimala

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കേസ് ഡയറിയും ദേവസ്വം ബോർഡിൽ നിന്ന് പിടിച്ചെടുത്ത സുപ്രധാന രേഖകളും വിട്ടുകിട്ടാനായി പ്രത്യേക അന്വേഷണ സംഘത്തിന് വിജിലൻസ് ഇന്ന് കത്ത് നൽകും.(Sabarimala gold theft case, Vigilance to ask for files from SIT)

ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത രേഖകൾ പരിശോധിച്ചാൽ മാത്രമേ പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യം വ്യക്തമാകൂ. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എസ്.പി മഹേഷ് ഇന്ന് തന്നെ കത്ത് കൈമാറും.

കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് സ്വർണ്ണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എ.എസ്.പി കുറുപ്പ് ഗുരുതരമായ ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നടൻ ജയറാമിനെ ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ബന്ധമുള്ള പത്തോളം പേർക്ക് കൂടി ഇഡി സമൻസ് അയച്ചിട്ടുണ്ട്.

അതേസമയം, എൻ. വാസുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനമെടുക്കുക. അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യത്തിന് വഴിതെളിഞ്ഞത്. കേസിൽ വിവേചനം കാണിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ഇന്ന് വിധി പറയുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാല് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. തന്ത്രിയുടെ രണ്ട് ജാമ്യഹർജികളിലും വാദം പൂർത്തിയായി. ഈ മാസം 18-നാണ് കോടതി വിധി പ്രസ്താവിക്കുക. കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala