പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, കേസിന് ആസ്പദമായ സ്വർണംപൂശിയ പാളികൾ വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) തീരുമാനിച്ചു. ഇതിനായി അന്വേഷണസംഘം ശബരിമല തന്ത്രിക്ക് കത്ത് നൽകി. സ്വർണ്ണപ്പാളികൾ പൂർണമായും മാറ്റിയിട്ടുണ്ടോ, എത്രത്തോളം സ്വർണ്ണം നഷ്ടപ്പെട്ടു എന്നുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.(Sabarimala gold theft case, SIT to examine gold-plated layers)
ആചാരപ്രകാരം ഭഗവാനോട് അനുമതി ചോദിച്ചിട്ട് സ്വർണ്ണപ്പാളികൾ പരിശോധിക്കാൻ അനുമതി നൽകാമെന്ന് തന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. നട തുറന്ന ശേഷം ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പരിശോധനയ്ക്ക് അനുമതി നൽകുക.
കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ പ്രസിഡൻ്റുമാർ ഉൾപ്പെടെയുള്ളവരെ എസ്.ഐ.ടി. ചോദ്യം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം. വാസുവിനെ ചോദ്യം ചെയ്താൽ ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്.ഐ.ടി.യുടെ കണക്കുകൂട്ടൽ.
ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിളപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്ന് എസ്.ഐ.ടി. നേരത്തെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.