ശബരിമല സ്വർണ്ണക്കൊള്ള കേസ്: കൊടിമരം മാറ്റി സ്ഥാപിച്ചതും SIT അന്വേഷണ പരിധിയിൽ, നടപടി ഹൈക്കോടതി നിർദ്ദേശ പ്രകാരം | Sabarimala
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അന്വേഷണ പരിധി വിപുലീകരിക്കുന്നു. 2017-ൽ സന്നിധാനത്ത് പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇനി എസ്.ഐ.ടി അന്വേഷിക്കും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നടപടി.(Sabarimala gold theft case, Replacement of flagpole also under SIT investigation)
പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചത്. ഈ നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്. മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
എസ്.ഐ.ടിയോടൊപ്പം ദേവസ്വം വിജിലൻസും കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചു തുടങ്ങി. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട പരാതികൾ ഗൗരവകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
