പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കൊള്ള, കട്ടിളപ്പാളി മോഷണക്കേസുകളുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. സ്വമേധയാ ഹാജരാകാൻ നൽകിയ സമയം നീണ്ടുപോവുകയാണെങ്കിൽ, കസ്റ്റഡിയിലെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്.ഐ.ടി.യുടെ തീരുമാനം. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു.(Sabarimala gold theft case, N Vasu may be taken into custody and questioned by SIT)
വാസുവിനെ നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും, കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലുള്ള പ്രതി സുധീഷ് കുമാറുമായി ചേർത്ത് തെളിവെടുപ്പ് നടത്തിയേക്കുമെന്നും സൂചനയുണ്ട്. കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നിലവിൽ റിമാൻഡിലാണ്.
കേസിൻ്റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാൻ ഇനി രണ്ടാഴ്ച മാത്രമാണ് എസ്.ഐ.ടി.ക്ക് മുന്നിലുള്ളത്. ഈ സമയപരിധിക്കുള്ളിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ.ടി. ശങ്കരൻ നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും. ആറന്മുളയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം, നവംബർ 14-ന് വീണ്ടും സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലും അദ്ദേഹം പരിശോധന നടത്തും.