ശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിനെതിരായ നടപടി നാളെ അറിയാം; CPMൽ രണ്ട് അഭിപ്രായം | Sabarimala

നടപടി വൈകുന്നതിനെക്കുറിച്ച് ചോദ്യം ഉയരുന്നുണ്ട്
ശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിനെതിരായ നടപടി നാളെ അറിയാം; CPMൽ രണ്ട് അഭിപ്രായം | Sabarimala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ. പത്മകുമാറിനെതിരായ നടപടിയുടെ കാര്യത്തിൽ പാർട്ടിക്കുള്ളിൽ രണ്ട് അഭിപ്രായം. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതനുസരിച്ച് നടപടികളിലേക്ക് കടക്കാം എന്നാണ് നിലവിലെ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം.(Sabarimala gold theft case, Action against A Padmakumar will be known tomorrow)

എന്നാൽ, നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയത്തിൽ നിർണ്ണായകമാകും. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുക്കുന്ന ഈ യോഗത്തിൽ പത്മകുമാർ വിഷയവും ചർച്ചയാകും എന്ന് ഉറപ്പാണ്.

തിരഞ്ഞെടുപ്പ് കാലത്ത് സമാനതകളില്ലാത്ത പ്രതിരോധമാണ് ശബരിമല സ്വർണക്കൊള്ള കേസ് സി.പി.എമ്മിന് സൃഷ്ടിച്ചിരിക്കുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റായ പത്മകുമാർ നിലവിൽ റിമാൻഡിലാണ്. അദ്ദേഹത്തിനെതിരായ അനധികൃത ഇടപെടലുകളുടെ വിവരങ്ങൾ അന്വേഷണത്തിൻ്റെ ഭാഗമായി പുറത്തുവരുന്നുമുണ്ട്.

പാർട്ടി നടപടി ഉറപ്പാണെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുമ്പോഴും, നടപടി വൈകുന്നതിനെക്കുറിച്ച് ഒരു വിഭാഗം നേതാക്കൾക്കിടയിൽ ചോദ്യമുയരുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വിവാദത്തിലാക്കിയ വിഷയത്തിൽ നടപടി വേഗത്തിലാക്കണമെന്ന അഭിപ്രായം പത്തനംതിട്ടയിലെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കുണ്ട്.

എന്നാൽ, തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്ന പക്ഷം സംസ്ഥാന നേതൃനിരയിലെ ചിലർ പരസ്യമായി പങ്കുവെച്ചിട്ടുമുണ്ട്. യുവതീ പ്രവേശന വിവാദത്തിൽ എതിർ നിലപാട് എടുത്തതു മുതൽ പത്മകുമാർ നിലവിൽ പാർട്ടിക്ക് അനഭിമതനാണ്. പ്രാദേശിക വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി ജില്ലാ കമ്മിറ്റി അംഗമായാണ് നിലവിൽ അദ്ദേഹം പ്രവർത്തിക്കുന്നത്.

കേസിൽ കുടുങ്ങിയവരായാലും കുറ്റാരോപിതരുടെ നിരയിലുള്ളവരായാലും പാർട്ടിയുടെ കൈകൾ ശുദ്ധമെന്നും കുറ്റം തെളിഞ്ഞാൽ നടപടി ഉറപ്പെന്നുമാണ് സി.പി.എം. സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നത്. അതേസമയം, എതിരാളികൾ പത്മകുമാറിൻ്റെ അറസ്റ്റ് വലിയ രാഷ്ട്രീയ പ്രചാരണമാക്കുന്നത് തിരിച്ചടിയാണെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്.

അതിനിടെ, ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എസ്.ഐ.ടി. കോടതിയിൽ അപേക്ഷ നൽകും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധന നടത്തുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com