തിരുവനന്തപുരം : സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദേഹം.
ഇനി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ്. സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റി മാത്രമാണ് ഉത്തരവാദിയെന്ന തരത്തിലാണ് മുന്‍പ് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചിരുന്നത്. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്ന് അദ്ദേഹം ചോദിച്ചു.
ദേവസ്വം മന്ത്രി വാസവന്റെയും കൂടി അറിവോടെയാണ് കൊള്ള നടന്നത്. സിപിഐഎമ്മിന്റെ അറിവോടുകൂടിയാണ് കൊള്ള നടന്നത്. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് തിരിച്ചടിയല്ല എന്ന് പറയാന്‍ എം വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും ഗോവിന്ദന്റെ തൊലിക്കട്ടി അപാരമെന്നും അദ്ദേഹം പരിഹസിച്ചു.