തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാത്സംഗക്കേസിലെ മൂന്നാമത്തെ പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് നടി റിനി ആൻ ജോർജ്. ഫെന്നി നൈനാന്റെ ആരോപണങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. താൻ ഒരു അതിജീവിതയെയും അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിനി വ്യക്തമാക്കി.(Rini Ann George on Rahul Mamkootathil case, releases screenshot)
മൂന്നാമത്തെ പരാതിക്കാരിയെ താൻ കണ്ടിട്ടില്ലെന്ന് റിനി പറയുന്നു. തന്നെ ആരെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചറിയാത്ത ഏതോ ഫേക്ക് അക്കൗണ്ടുകളിൽ നിന്നാണെന്നും താരം വിശദീകരിച്ചു.
ഇൻസ്റ്റഗ്രാമിൽ ആരോ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ പരിശോധിക്കുമ്പോൾ അവ കാണാനില്ലെന്നും റിനി ചൂണ്ടിക്കാട്ടി. ഊരും പേരും അറിയാത്ത ഒരാളുമായി സംസാരിക്കാൻ താല്പര്യമില്ലെന്ന് അന്ന് തന്നെ മറുപടി നൽകിയിരുന്നതായും താരം വ്യക്തമാക്കി. ഫെന്നി നൈനാനെ തെറ്റിദ്ധരിപ്പിച്ചവർക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്. തന്റെ പേര് ദുരുപയോഗം ചെയ്ത് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് തന്നെ അപമാനിക്കാനാണെന്ന് റിനി ആരോപിച്ചു.

