തിരുവനന്തപുരം: കേരളത്തിൽ ഭരണപരാജയമാണെന്ന് ആരോപിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാട്ടിൽ പാവപ്പെട്ടവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ കയറ്റിയിറക്കുന്നവർ കേരളത്തെ വികസനം പഠിപ്പിക്കാൻ മുതിരുന്നത് രാഷ്ട്രീയ കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു.(Revanth Reddy should learn lessons of governance from Kerala, says Chief Minister )
സുസ്ഥിര വികസന സൂചികയിൽ 79 പോയിന്റോടെ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. എന്നാൽ തെലങ്കാന ആറാം സ്ഥാനത്ത് മാത്രമാണ് നിൽക്കുന്നത്. കേരളത്തിലെ ദാരിദ്ര്യ നിരക്ക് വെറും 0.55% ആണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2025 അവസാനത്തോടെ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. അതേസമയം തെലങ്കാനയിൽ ദാരിദ്ര്യം 5.88% ആണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാക്ഷരതയിൽ കേരളം 95.3% നേടി മുന്നിട്ടുനിൽക്കുമ്പോൾ തെലങ്കാന 76.9% മാത്രമാണ്. ശിശുമരണ നിരക്കിൽ അമേരിക്കയെപ്പോലും (5.6) പിന്നിലാക്കി 5 എന്ന നേട്ടം കേരളം കൈവരിച്ചു. തെലങ്കാനയിൽ ഇത് കേരളത്തേക്കാൾ നാലിരട്ടി കൂടുതലാണ്. കേരളത്തിന്റെ ഡിജിറ്റൽ ഭൂമി രേഖാ സംവിധാനമായ ‘എന്റെ ഭൂമി’ പഠിക്കാൻ തെലങ്കാനയിൽ നിന്നുള്ള ഉന്നതതല സംഘം തന്നെ കേരളത്തിലെത്തിയിട്ടുണ്ട്. സ്വന്തം സർക്കാർ മാതൃകയാക്കുന്ന കാര്യങ്ങളെ മുഖ്യമന്ത്രി അവഹേളിക്കുന്നത് വൈരുദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരുമായി കേരളം ഒത്തുകളിക്കുന്നു എന്ന ആരോപണത്തെയും മുഖ്യമന്ത്രി ശക്തമായി നേരിട്ടു. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ നട്ടെല്ല് നിവർത്തി പോരാടാൻ കഴിയാത്ത കോൺഗ്രസാണ് ബിജെപിയുടെ യഥാർത്ഥ ബി-ടീമെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര വിവേചനത്തിനെതിരെ കേരളം നടത്തിയ സമരങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്ക് കേരളത്തെ പഠിപ്പിക്കാൻ ഒന്നുമില്ലെന്നും, പകരം കേരളത്തിലെ ജനക്ഷേമ മാതൃകകൾ പഠിക്കാൻ രേവന്ത് റെഡ്ഡിയെ സ്വാഗതം ചെയ്യുന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.

