തിരുവനന്തപുരം: പുതുവർഷത്തലേന്ന് കേരളത്തിൽ മദ്യവിൽപ്പനയിൽ വൻ വർധനവ്. ഡിസംബർ 31-ന് മാത്രം ഔട്ട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് കോർപറേഷൻ വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (108.71 കോടി) 16.93 കോടി രൂപയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്.(Record in liquor sales, BEVCO received Rs 125.64 crore on New Year's Eve)
വിൽപന കണക്കുകളിൽ കൊച്ചിയിലെ കടവന്ത്ര ഔട്ട്‌ലെറ്റാണ് ഒന്നാം സ്ഥാനത്ത്. ഒരു കോടിയിലധികം വിൽപന നടന്ന ഏക ഔട്ട്‌ലെറ്റും ഇതുതന്നെയാണ്. 1.17 കോടി രൂപയാണ് ഇവിടെ നേടിയത്.
രണ്ടാം സ്ഥാനം: പാലാരിവട്ടം (95.09 ലക്ഷം രൂപ), മൂന്നാം സ്ഥാനം: എടപ്പാൾ (82.86 ലക്ഷം രൂപ) എന്നിങ്ങനെയാണ്. ഏറ്റവും കുറവ് വിൽപന നടന്നത് തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്‌ലെറ്റിലാണ്. 4.61 ലക്ഷം രൂപയാണ് ലഭിച്ചത്. ഈ ഡിസംബർ 31-ന് വിദേശമദ്യവും ബിയറും വൈനുമായി ആകെ 2.07 ലക്ഷം കെയ്സുകളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇത് 1.84 ലക്ഷം കെയ്സായിരുന്നു.
ഈ സാമ്പത്തിക വർഷത്തെ (2025–26) ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ബവ്കോയുടെ ആകെ വിൽപന 15,717.88 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 14,765.09 കോടി രൂപയായിരുന്നു. ഓരോ വർഷം കഴിയുന്തോറും സംസ്ഥാനത്തെ മദ്യവിൽപനയിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നത്.