തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ തനിക്കെതിരെ നടക്കുന്ന സംഘടിത സൈബർ ആക്രമണങ്ങൾക്കെതിരെ രമ്യ ഹരിദാസ് രംഗത്തെത്തി. ഫേക് ഐഡികളിൽ നിന്നാണ് ഭൂരിഭാഗം ആക്ഷേപങ്ങളും ഉയരുന്നത്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് നിഷ്കളങ്കരായ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.(Ramya Haridas asks to stop the attack on social media)
ഇടതുപക്ഷത്തിന്റെ കോട്ടകളിൽ മത്സരിച്ചു എന്നതാണോ തന്നെ വ്യക്തിഹത്യ ചെയ്യാൻ കാരണം? ലക്ഷങ്ങളുടെ ഭൂരിപക്ഷം ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന ഇടങ്ങളിൽ അത് കുറയ്ക്കാൻ സാധിച്ചു എന്നത് വൻ വഞ്ചനയായിട്ടാണോ അവർ കാണുന്നത് എന്നും രമ്യ ചോദിച്ചു.
താൻ ജനപ്രതിനിധിയായിരുന്ന കാലയളവിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ മുൻപത്തെ ഇടതുപക്ഷ പ്രതിനിധികളുടേതിനേക്കാൾ മികച്ചതാണെന്ന് കണക്കുകൾ നിരത്തി അവർ അവകാശപ്പെട്ടു. ഈ സത്യം മറച്ചുവെക്കാനാണ് കള്ളപ്രചാരണങ്ങൾ നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തനിക്ക് യാതൊരുവിധ അധികാരമോഹവുമില്ലെന്ന് രമ്യ വ്യക്തമാക്കി. സാധാരണക്കാർക്ക് സ്വപ്നം കാണാൻ കഴിയാത്ത സ്ഥാനങ്ങൾ പാർട്ടിയും ജനങ്ങളും ഇതിനോടകം തന്നെ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

