പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്കായി ഉടൻ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പത്തനംതിട്ട എ.ആർ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസിന്റെ അടുത്ത നടപടി. വൈദ്യപരിശോധന പൂർത്തിയാക്കിയാലുടൻ അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.(Rahul Mamkootathil's medical examination, Heavy police security)
എംഎൽഎയുടെ അറസ്റ്റിനെത്തുടർന്ന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എ.ആർ ക്യാമ്പ് പരിസരത്തും ജില്ലാ ആശുപത്രിയിലും കൂടുതൽ പോലീസിനെ വിന്യസിച്ചു. എസ്.പി ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്‌ട്രേറ്റിന്റെ വസതിയിലായിരിക്കും രാഹുലിനെ ഹാജരാക്കുക എന്നാണ് വിവരം.
വിദേശത്തുള്ള യുവതി നൽകിയ മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ മുതൽ എ.ആർ ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കുന്നതിന്റെ ഭാഗമായുള്ള വൈദ്യപരിശോധന.
വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കി, സാമ്പത്തികമായി ചൂഷണം ചെയ്തു എന്നിവയാണ് യുവതിയുടെ പ്രധാന ആരോപണങ്ങൾ.