പത്തനംതിട്ട: മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. കനത്ത സുരക്ഷാ വലയത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. പൊങ്കൽ പ്രമാണിച്ച് തിരുവല്ലയിൽ പ്രാദേശിക അവധിയായതിനാൽ പത്തനംതിട്ട മജിസ്‌ട്രേറ്റിന്റെ വസതിയിലാകും രാഹുലിനെ ഇന്ന് ഹാജരാക്കുക.(Rahul Mamkootathil taken for medical examination, Heavy police security)
തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ, 2024 ഏപ്രിൽ 8-ന് താൻ അവിടെ എത്തിയതായി രാഹുൽ പോലീസിനോട് സമ്മതിച്ചു. അവിടെ ഒരു മണിക്കൂർ ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടൽ രജിസ്റ്ററിൽ 'രാഹുൽ ബി.ആർ.' എന്ന പേരാണ് നൽകിയിരിക്കുന്നത്. പീഡനത്തെക്കുറിച്ചുള്ള പോലീസിന്റെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. രാഹുലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ലാപ്ടോപ്പ് കണ്ടെത്താനായിരുന്നു പത്ത് മിനിറ്റോളം നീണ്ട ഈ പരിശോധനയെന്നാണ് സൂചന. ചോദ്യം ചെയ്യലിനോട് രാഹുൽ പൂർണ്ണമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.