പത്തനംതിട്ട: ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെയും ഉപരോധത്തെയും മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വൈദ്യപരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ചു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ ഉടൻ തന്നെ മാവേലിക്കര ജയിലിലേക്ക് മാറ്റും.(Rahul Mamkootathil remanded in the sexual assault case)
ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷം കനത്ത പോലീസ് സുരക്ഷയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രാഹുലിന് കോടതി ജാമ്യം അനുവദിച്ചില്ല. കുറ്റകൃത്യത്തിന്റെ ഗൗരവവും പോലീസ് സമർപ്പിച്ച അറസ്റ്റ് റിപ്പോർട്ടും പരിഗണിച്ചാണ് നടപടി. കനത്ത പോലീസ് സുരക്ഷയിൽ രാഹുലിനെ തിരുവല്ലയിലെ മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്.
വൈദ്യപരിശോധന കഴിഞ്ഞ് ഒരു മണിക്കൂറോളമാണ് രാഹുലിനും സംഘത്തിനും ആശുപത്രിയിൽ തുടരേണ്ടി വന്നത്. ആശുപത്രിയുടെ രണ്ട് കവാടങ്ങളും പ്രതിഷേധക്കാർ വളഞ്ഞതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലായിരുന്നു പോലീസ്. ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ ആശുപത്രി വളപ്പിൽ തമ്പടിച്ച് ഗോ ബാക്ക് വിളികളുമായും കൂവലുകളുമായും പ്രതിഷേധിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഒടുവിൽ കൂടുതൽ സേനയെ വിന്യസിച്ച് ബലം പ്രയോഗിച്ചാണ് പോലീസ് രാഹുലിനെ വാഹനത്തിൽ കയറ്റി മജിസ്‌ട്രേറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് നടപടികളിലേക്ക് കടക്കും. മൂന്നാമത്തെ ബലാത്സംഗക്കേസിൽ പാലക്കാട് നിന്ന് അർദ്ധരാത്രി കസ്റ്റഡിയിലെടുത്ത രാഹുലിനെ ആറര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി ഹാജരാക്കുന്നത്. എംഎൽഎയുടെ അറസ്റ്റിനെ തുടർന്ന് പത്തനംതിട്ടയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
എംഎൽഎയ്ക്കെതിരെ അയോഗ്യതാ നടപടികൾ ആലോചിച്ച് നിയമസഭ. വിഷയം നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുടെ ഉപദേശം തേടുമെന്ന് സ്പീക്കർ വ്യക്തമാക്കി. തുടർച്ചയായി ബലാത്സംഗ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നും സ്പീക്കർ പറഞ്ഞു.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിഗുരുതര പരാമർശങ്ങളുമായി പോലീസ് അറസ്റ്റ് റിപ്പോർട്ട്. രാഹുൽ ഒരു 'സ്ഥിരം കുറ്റവാളി' ആണെന്നും എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാരിയുടെ ജീവന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
എംഎൽഎ എന്ന പദവി ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും യുവതിയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി അവരെ സൈബർ ആക്രമണങ്ങളിലൂടെ മാനസികമായി തകർക്കാനും രാഹുൽ ശ്രമിച്ചേക്കാം. നേരത്തെയുള്ള കേസുകളിൽ 10 ദിവസത്തോളം ഒളിവിൽ പോയി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ചരിത്രം പ്രതിക്കുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിക്കുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്. ഡിഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പത്തനംതിട്ട എ.ആർ ക്യാമ്പിൽ നടന്ന ചോദ്യം ചെയ്യലിൽ, തന്റെ ഐഫോണിന്റെ പാസ്‌വേഡ് വെളിപ്പെടുത്താൻ രാഹുൽ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഫോണുകൾ വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു.
പരാതിക്കാരിയെ അറിയില്ലെന്നും ഇമെയിൽ വഴിയുള്ള പരാതി വ്യാജമാണെന്നുമാണ് രാഹുൽ ആദ്യം നിലപാടെടുത്തത്. എന്നാൽ പോലീസ് ഡിജിറ്റൽ തെളിവുകൾ നിരത്തിയതോടെ യുവതിയെ അറിയാമെന്ന് രാഹുൽ സമ്മതിച്ചു. ലൈംഗിക ബന്ധം ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ഉഭയസമ്മതപ്രകാരമായിരുന്നു എന്നുമാണ് രാഹുൽ പോലീസിനോട് പറഞ്ഞത്. ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ലെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
2024 ഏപ്രിലിൽ നടന്ന ക്രൂരമായ പീഡനത്തെത്തുടർന്ന് ഗർഭിണിയായപ്പോൾ, കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് രാഹുൽ അധിക്ഷേപിച്ചുവെന്നാണ് യുവതിയുടെ പരാതി. ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ തയ്യാറായില്ലെന്ന വിവരവും പരാതിയിലുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ സൈബർ, ഫോറൻസിക്, വിരലടയാള വിദഗ്ധർ ക്യാമ്പിലെത്തി. പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് ശേഖരിച്ച തെളിവുകളും രാഹുലിന്റെ ഡിജിറ്റൽ രേഖകളും ഒത്തുനോക്കാനാണ് ഇവരെ എത്തിച്ചത്. വിദേശത്തുള്ള പരാതിക്കാരി അടുത്ത ദിവസം നാട്ടിലെത്തി നേരിട്ട് മൊഴി നൽകുമെന്നാണ് സൂചന. ഇത് കേസിൽ നിർണ്ണായകമാകും.