പത്തനംതിട്ട: കസ്റ്റഡി കാലാവധി തീർന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോടതി റിമാൻഡ് ചെയ്തു. കേസ് അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് വിവരം. ഇയാളെ മാവേലിക്കര സബ് ജയിലിലാക്കി.(Rahul Mamkootathil remanded again, Court to consider bail plea tomorrow)
രാഹുലിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത ഫോണുകളിൽ ഐഫോണിന്റെ പാസ്‌വേഡ് കൈമാറാൻ അദ്ദേഹം തയ്യാറായിട്ടില്ല. സൈബർ വിദഗ്ധരുടെ സഹായത്തോടെ ഫോൺ തുറന്ന് പരിശോധിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് ദിവസവും തൃപ്തികരമായ മറുപടികൾ നൽകാൻ രാഹുൽ തയ്യാറായില്ലെന്ന് എസ്.ഐ.ടി അറിയിച്ചു. എന്നാൽ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടില്ല. വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ യുവജന സംഘടനകൾ രാഹുലിനെതിരെ പ്രതിഷേധിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് അദ്ദേഹത്തെ കോടതിയിൽ എത്തിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കൂടാതെ, കേസിലെ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.