പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി. പ്രത്യേക അന്വേഷണ സംഘം ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്. ജനുവരി 15-ന് വൈകുന്നേരം രാഹുലിനെ വീണ്ടും കോടതിയിൽ ഹാജരാക്കണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ താമസസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തി. കേസിലെ നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം പാലക്കാട് ഹോട്ടലിൽ എത്തിയത്.(Rahul Mamkootathil in three-day police custody)
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് താമസിച്ചിരുന്ന ഹോട്ടലിലെ 2002-ാം നമ്പർ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്. മുറിയിൽ നിന്ന് ഒരു മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. പീഡനക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ, ആശയവിനിമയങ്ങൾ എന്നിവ ഈ ഫോണിലുണ്ടോ എന്ന് പരിശോധിക്കും.
മാവേലിക്കര സബ് ജയിലിൽ നിന്ന് രാഹുലിനെ കോടതിയിലേക്ക് കൊണ്ടുപോകാനായി പുറത്തിറക്കിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിഷേധവുമായെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ രാഹുൽ ഇരുന്ന പോലീസ് വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു.
കനത്ത പോലീസ് കാവലിലാണ് രാഹുലിനെ കോടതിയിൽ എത്തിച്ചത്. അറസ്റ്റ് പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിംഗ് വഴി എടുത്തതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ചൂണ്ടിക്കാട്ടി. സാക്ഷികളുടെ സാന്നിധ്യം ഉറപ്പാക്കിയില്ലെന്നും ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും പ്രതിഭാഗം ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകൾ കണ്ടെടുക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്താൻ കസ്റ്റഡി അത്യാവശ്യമാണെന്നും കോടതിയെ അറിയിച്ചു. അറസ്റ്റ് നോട്ടീസിൽ ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് കോടതി രാഹുലിനോട് ചോദിച്ചു. തുടർന്ന് തെളിവെടുപ്പിനായി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.