പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിൽ ഫെനി നൈനാനെതിരെയും വെളിപ്പെടുത്തലുമായി പരാതിക്കാരി. രാഹുലിനെതിരെ പരാതി നൽകുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ഫെനി നൈനാൻ നിരന്തരം സമ്മർദ്ദം ചെലുത്തിയെന്നാണ് യുവതിയുടെ മൊഴി.(Rahul Mamkootathil case, Fenni Ninan denies allegations of interfering to influence complainant)
രാഹുലുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ 'എല്ലാം നമുക്ക് പറഞ്ഞു തീർക്കാം' എന്ന് ഫെനി വഴി രാഹുൽ അറിയിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. ഒരു ഘട്ടത്തിൽ താൻ തിരക്കിലാണെന്നും ഇനിയുള്ള കാര്യങ്ങൾ ഫെനിയോട് സംസാരിച്ചാൽ മതിയെന്നും രാഹുൽ സന്ദേശമയച്ചു. ഇതിന് പിന്നാലെ വാട്‌സ്ആപ്പിൽ അടക്കം തന്നെ ബ്ലോക്ക് ചെയ്തതായും യുവതി വെളിപ്പെടുത്തി.
കേസും പരാതിയുമായി മുന്നോട്ട് പോകാതിരിക്കാൻ ഫെനി നൈനാൻ നിരന്തരം ബന്ധപ്പെട്ടിരുന്നതായും യുവതി ആരോപിക്കുന്നു. യുവതിയുടെ മൊഴിയിലെ ആരോപണങ്ങൾ ഫെനി നൈനാൻ പൂർണ്ണമായും നിഷേധിച്ചു.
തനിക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും ഉയർന്നുവന്ന ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നുമാണ് ഫെനിയുടെ പ്രതികരണം. എന്നാൽ, പ്രതികരണത്തിന് പിന്നാലെ ഫെനി നൈനാന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.