മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പി.വി. അൻവർ എം.എൽ.എ. യു.ഡി.എഫ്. മുന്നണിയിൽ എത്തുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനം അദ്ദേഹത്തിന്റെ നിലനിൽപ്പിന് പോലും ആവശ്യമാണെന്നും തങ്ങൾ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.(PV Anvar will be with UDF, says Panakkad Sayyid Sadiq Ali Shihab Thangal)
യു.ഡി.എഫുമായി ധാരണയിലെത്തിക്കഴിഞ്ഞാൽ പി.വി. അൻവർ പ്രഖ്യാപിച്ച ടി.എം.സി. സ്ഥാനാർത്ഥികളെ പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവറിനെ മുന്നണിയിൽ അസോസിയേറ്റ് മെമ്പറായി സ്വീകരിക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ യു.ഡി.എഫ്. തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ അറിയിച്ചു.
യു.ഡി.എഫിന്റെ നിലനിൽപ്പിന് കോൺഗ്രസ്-ലീഗ് ഐക്യം അത്യാവശ്യമാണെന്നും, ഇത് മനസ്സിലാക്കി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും തങ്ങൾ വ്യക്തമാക്കി. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന തർക്കം അവസാനിപ്പിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
തർക്കങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്. കോൺഗ്രസ് നേതാക്കൾ കാര്യങ്ങൾ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് യോജിച്ച് തീരുമാനങ്ങളിലേക്ക് എത്തണമെന്നും ലീഗ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.