കോഴിക്കോട്: കേരളത്തിൽ പിണറായി വിജയന്റെ ഭരണം അവസാനിക്കാൻ പോകുകയാണെന്നും സംസ്ഥാനത്ത് 'മരുമോനിസം' ആണ് നടപ്പിലാകുന്നതെന്നും തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി. അൻവർ. മുഖ്യമന്ത്രിയുടെ തകർച്ചയ്ക്ക് കാരണം മന്ത്രി മുഹമ്മദ് റിയാസാണെന്നും കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ റിയാസിന്റെ അമിത ഇടപെടലുകളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുൻ എം.എൽ.എ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കൂടുതൽ ഇടതുപക്ഷ നേതാക്കൾ യു.ഡി.എഫിലേക്ക് എത്തുമെന്ന് അൻവർ അവകാശപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ വിജയം നേടുമെന്നും ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പൂർണ്ണമായി പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുന്ന തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് എവിടെയും മത്സരിക്കാൻ സജ്ജമാണെന്ന് അൻവർ അറിയിച്ചു. "മത്സരിക്കാൻ യു.ഡി.എഫിന് മുന്നിൽ പ്രത്യേക നിബന്ധനകളോ ഉപാധികളോ വെച്ചിട്ടില്ല. സീറ്റുകളുടെ കാര്യത്തിൽ യു.ഡി.എഫ് നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാം," അദ്ദേഹം വ്യക്തമാക്കി.