തിരുവനന്തപുരം: അധ്യാപകർക്ക് ആശ്വാസമായി കെ-ടെറ്റിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 2025 സെപ്റ്റംബർ ഒന്നിന് മുൻപ് പ്രൊമോഷനും ബൈട്രാൻസ്ഫർ നിയമനത്തിനും അർഹതയുള്ള അധ്യാപകർക്ക് കെ-ടെറ്റ് പാസാകാതെ തന്നെ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒരാൾക്ക് പോലും ജോലി നഷ്ടമാകരുത് എന്ന നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.(Promotion for teachers eligible for promotion and by-transfer appointment, Government with more relaxations in K-TET)
സ്ഥാനക്കയറ്റം ലഭിക്കുന്നവർ രണ്ട് വർഷത്തിനകം കെ-ടെറ്റ് യോഗ്യത നേടിയാൽ മതിയാകും. 2025 സെപ്റ്റംബർ 1 മുതലായിരിക്കും ഈ രണ്ട് വർഷ കാലയളവ് കണക്കാക്കുക. ലാബ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള അനധ്യാപക തസ്തികകളിൽ നിന്ന് അധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് അർഹരായവർക്കും ഇതേ മാനദണ്ഡങ്ങൾ ബാധകമായിരിക്കും.
2025 സെപ്റ്റംബർ ഒന്നിന് മുൻപ് നിയമനം ലഭിച്ച നെറ്റ് (NET), സെറ്റ് (SET), എം.ഫിൽ (M.Phil), പിഎച്ച്.ഡി (Ph.D) യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിബന്ധനയിൽ ഇളവ് നൽകും. കെ-ടെറ്റ് പാസാകാത്ത അധ്യാപകർക്ക് നിലവിൽ ശമ്പളം നിഷേധിക്കില്ലെന്നും സർക്കാർ ഉറപ്പുനൽകി. കെ-ടെറ്റ് നിർബന്ധമാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഈ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ തീരുമാനങ്ങൾ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

