

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് വൻ മുൻഗണന നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സ്‌കൂൾ കുട്ടികൾ മുതൽ റോഡ് അപകടത്തിൽപ്പെടുന്നവർക്ക് വരെ ആശ്വാസമേകുന്ന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.(Priority to Kerala's Health field, Insurance for students)
സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പുതിയ അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി പ്രതിവർഷം 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ പദ്ധതി വലിയൊരു നാഴികക്കല്ലാകും.
റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള 'ലൈഫ് സേവർ' പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം പൂർണ്ണമായും സൗജന്യ ചികിത്സ നൽകും.സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭ്യമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 15 കോടി രൂപ നീക്കിവെച്ചു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിസെപ്പ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് ഫെബ്രുവരി 1 മുതൽ നിലവിൽ വരും. കൂടുതൽ ആശുപത്രികളെയും ചികിത്സാ ആനുകൂല്യങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരമിച്ചവർക്കും സഹകരണ/പൊതുമേഖലാ ജീവനക്കാർക്കും: മെഡിസെപ്പ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതികൾ ആരംഭിക്കും. കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരാത്ത കുടുംബങ്ങളെ സഹായിക്കാൻ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി.