പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്‌പ്രസ് ട്രെയിനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ യാത്രക്കാരൻ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥൻ സനിൽ കുമാറിനാണ് കുത്തേറ്റത്. (Policeman stabbed on Malabar Express, Violence for questioning ticketless passenger)
സംഭവത്തിൽ പത്തനംതിട്ട നെടുമൺ സ്വദേശിയായ അനിൽ കുമാറിനെ കോട്ടയം റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു അനിൽ കുമാർ. ഇത് പരിശോധനയ്ക്കിടെ ടി.ടി.ഇ ചോദ്യം ചെയ്തതോടെ ഇയാൾ തട്ടിക്കയറുകയും പ്രകോപിതനാവുകയും ചെയ്തു.
പ്രശ്നത്തിൽ ഇടപെട്ട സനിൽ കുമാറിന് നേരെ അനിൽ കുമാർ കൈവശമുണ്ടായിരുന്ന കത്തി വീശുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല. പ്രതി കോട്ടയം റെയിൽവേ പോലീസിൻ്റെ പിടിയിലായി.