കണ്ണൂർ:വോട്ടർപട്ടിക പരിഷ്കരണ ജോലിക്കിടെ ആത്മഹത്യ ചെയ്ത ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) അനീഷ് ജോർജിന് സി.പി.എം. പ്രവർത്തകരിൽ നിന്ന് കടുത്ത ഭീഷണിയുണ്ടായിരുന്നതിന് തെളിവായി ഫോൺ സംഭാഷണം പുറത്ത്. കള്ളവോട്ടിന് കളമൊരുക്കാൻ സി.പി.എം. സമ്മർദ്ദം ചെലുത്തിയതാണ് അനീഷിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു.(Phone conversation reveals that BLO who committed suicide was threatened)
ബി.എൽ.ഒ. അനീഷും കോൺഗ്രസിലെ ബൂത്ത് ലെവൽ ഏജൻറും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. വോട്ടർ പട്ടിക പരിഷ്കരണ ജോലിക്കായി ഇനി അദ്ദേഹം കൂടെ വരേണ്ടെന്ന് അനീഷ് ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിലുള്ളത്.
"വന്നു കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണ്, അവർ തടയും," എന്നും "പിന്നെ നിൽക്കാൻ കഴിയില്ല, അത് അവരുടെ ഏരിയയല്ലേ" എന്നും അനീഷ് പറയുന്നുണ്ട്. കോൺഗ്രസ് ബി.എൽ.എയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ഭീഷണിപ്പെടുത്തിയതിന്റെ തെളിവായാണ് ഈ സംഭാഷണം മാർട്ടിൻ ജോർജ് പുറത്തുവിട്ടത്.
പയ്യന്നൂർ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ബി.എൽ.ഒ. ആയ അനീഷ് ജോർജ് ജീവനൊടുക്കാൻ ജോലിഭാരത്തിനൊപ്പം സി.പി.എം. ഭീഷണിയും കാരണമായെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു. ആദ്യ ദിവസങ്ങളിൽ അനീഷിനൊപ്പം കോൺഗ്രസിലെ വൈശാഖും സി.പി.എം. ബി.എൽ.എ.യും ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനും പോയിരുന്നു. ഇതിനുശേഷമാണ് സി.പി.എം. സമ്മർദ്ദം ചെലുത്തിയത്. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് പാർട്ടി തലത്തിൽ ആലോചിക്കുമെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി. അനീഷ് ജോർജിന്റെ സംസ്കാരം ഏറ്റുകുടുക്ക ലൂർദ് മാതാ പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.